രാജ്യസഭാ പ്രതിപക്ഷ നേതാവിനെ ഇനിയും കണ്ടെത്താനായില്ല; കോൺഗ്രസിൽ പ്രതിസന്ധി

ശീതകാല സമ്മേളനം കഴിയുന്നതുവരെ മല്ലികാർജുൻ ഖാർഗെ തന്നെ പ്രതിപക്ഷ നേതാവ് പദവിയിൽ തുടർന്നേക്കും

Update: 2022-12-03 01:27 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: പുതിയ രാജ്യസഭാ പ്രതിപക്ഷ നേതാവിനെ കണ്ടെത്തുന്നതിൽ കോൺഗ്രസിൽ പ്രതിസന്ധി. ശീതകാല സമ്മേളനം കഴിയുന്നതുവരെ പുതിയ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തന്നെ പ്രതിപക്ഷ നേതാവ് പദവിയിൽ തുടർന്നേക്കും. അതേസമയം, ഒരാൾക്ക് ഒരു പദവി പാലിക്കപ്പെടാത്തതിൽ ഒരു വിഭാഗം നേതാക്കൾക്ക് അതൃപ്തി ഉണ്ടെന്നാണ് സൂചന.

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു മുന്നോടിയായി മല്ലികാർജുൻ ഖാർഗെ രാജ്യസഭാ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവച്ചിരുന്നു. എം.പിമാരായി രാജ്യസഭയിൽ മുതിർന്ന നേതാക്കളായ ദിഗ്‌വിജയ് സിങ്, പി. ചിദംബരം അടക്കമുള്ളവർ ഉണ്ടെങ്കിലും രാജിവച്ച് മാസം ഒന്ന് കഴിഞ്ഞിട്ടും ഖാർഗെയ്ക്ക് പകരക്കാരനെ കണ്ടെത്താൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല.

ശീതകാല സമ്മേളനത്തിന് മുന്നോടിയായി സോണിയ ഗാന്ധി വിളിച്ച കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ഇന്ന് ചേരും. യോഗത്തിൽ വിഷയം ചർച്ചയാകും. രാജ്യസഭയിൽനിന്ന് എം.പിമാരായ മല്ലികാർജുൻ ഖാർഗെ, കെ.സി വേണുഗോപാൽ, ജയറാം രമേശ് എന്നിവർ യോഗത്തിൽ പങ്കെടുക്കും. ശീതകാല സമ്മേളനം കഴിയുന്നതുവരെ ഖാർഗെ തുടരാനാണ് ആലോചന. ഇതിൽ ഒരു വിഭാഗം നേതാക്കൾക്ക് അതൃപ്തിയുണ്ട്.

ഒരാൾക്ക് ഒരു പദവി ഉയർത്തിയാണ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നതിൽനിന്ന് നേതൃത്വം വിലക്കിയത്. കോൺഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് സ്ഥാനത്തുനിന്ന് അധിർ രഞ്ജൻ ചൗധരിയെ മാറ്റണമെന്നും ആവശ്യമുണ്ട്. നിലവിൽ പശ്ചിമ ബംഗാൾ പി.സി.സി അധ്യക്ഷ പദവിയും ലോക്‌സഭാ കക്ഷി നേതാവ് സ്ഥാനവും ചൗധരി ഒരുമിച്ചുവഹിക്കുകയാണ്. ലോക്‌സഭാ കക്ഷി നേതാവ് സ്ഥാനത്തുനിന്ന് ചൗധരിയെ നീക്കിയാൽ കേരളത്തിൽനിന്നുള്ള എം.പിമാരിൽ ഒരാൾക്ക് അവസരം ലഭിച്ചേക്കും.

Summary: Mallikarjun Kharge to stay on as Leader of Opposition in Rajyasabha

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News