'പോയവർ പോകട്ടെ, 'ഇൻഡ്യ' മുന്നണി ഒറ്റക്കെട്ടായി മുന്നോട്ടുപോകും'; ഖാർഗെ

നിതീഷിൻ്റെ എൻഡിഎ പ്രവേശനത്തിൽ രാഹുൽ ഗാന്ധി പ്രതികരിച്ചില്ല

Update: 2024-01-28 06:48 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡല്‍ഹി:  ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ രാജിയില്‍ പ്രതികരണവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ജെഡിയു പോകുമെന്ന് നേരത്തെ അറിയാമായിരുന്നു.പോകുന്നവരെല്ലാം പോകട്ടെ, 'ഇൻഡ്യ' സഖ്യം ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും ഖാർഗെ പറഞ്ഞു. അതേസമയം,  നിതീഷിൻ്റെ എൻഡിഎ പ്രവേശനത്തിൽ രാഹുൽ ഗാന്ധി പ്രതികരിച്ചില്ല.

അതിനിടെ ഓപ്പറേഷൻ താമരയ്ക്കുള്ള നീക്കങ്ങളും നടക്കുന്നതായാണ് സൂചന. ,കോൺഗ്രസ് എംഎൽഎമാരിൽ പലരെയും ബന്ധപ്പെടാൻ കഴിയില്ലെന്നാണ് റിപ്പോര്‍ട്ട്.  ഉച്ചക്ക് ഒരുമണിക്ക് കോൺഗ്രസ് നിയമസഭാകക്ഷിയോഗം വിളിച്ചു. 19 എം.എല്‍.എമാരാണ് ബിഹാറില്‍ കോണ്‍ഗ്രസിനുള്ളത്.അതില്‍ 10 എം.എല്‍എമാരുമായി ബി.ജെ.പി ആശയവിനിമയം നടത്തിയെന്ന വാര്‍ത്തയും ഇന്നലെ പുറത്ത് വന്നിരുന്നു. പല കോൺഗ്രസ് എംഎൽഎമാരുടെയും പിന്തുണ തങ്ങൾക്കുണ്ടെന്ന് കഴിഞ്ഞദിവസം ജെഡിയു അറിയിച്ചിരുന്നു.

ജെഡിയു എംഎൽഎമാരുടെ യോഗത്തിലാണ് നിതീഷ് കുമാർ രാജി പ്രഖ്യാപിച്ചത്. രാജിക്കത്ത് ഗവർണർക്ക് കൈമാറി. സംസ്ഥാനത്തെ സർക്കാരിനെ പിരിച്ചുവിടാൻ ഗവർണറോട് ആവശ്യപ്പെട്ടതായി നിതീഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. മഹാസഖ്യത്തിലെ സ്ഥിതി മോശമാണ്. എല്ലാവരുടെയും അഭിപ്രായം മാനിച്ചാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്കൊപ്പം ചേർന്ന് രൂപവത്കരിക്കുന്ന സർക്കാറിൽ മുഖ്യമന്ത്രിയായി ഞായറാഴ്ച വൈകീട്ട് അഞ്ചോടെ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. ലാലു പ്രസാദ് യാദവിന്റെ ആർജെഡി, കോൺഗ്രസ് എന്നിവയുമായി ചേർന്നുള്ള മഹാസഖ്യ സർക്കാറിന്റെ 18 മാസത്തെ ഭരണമാണ് നിതീഷിന്റെ രാജിയോടെ അവസാനിക്കുന്നത്.

243 അംഗങ്ങളുള്ള ബിഹാർ അസംബ്ലിയിൽ 79 എംഎൽഎമാരുള്ള ആർജെഡിയാണ് ഏറ്റവും വലിയ കക്ഷി. ബിജെപി 78, ജെഡിയു 45, കോൺഗ്രസ് 19, സിപിഐ (എംഎൽ) 12, ഹിന്ദുസ്ഥാനി അവാമി മോർച്ച (സെക്കുലർ) 4, സിപിഐ 2, സിപിഎം 2, എഐഎംഐഎം ഒന്ന് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സീറ്റ് നില. ഒരു സീറ്റിൽ സ്വതന്ത്രനാണ്.122 സീറ്റാണ് ഭരിക്കാൻ വേണ്ടത്. ബിജെപിയും ജെഡിയുവും ചേർന്നാൽ 123 സീറ്റാകും. ജെഡിയു പിൻമാറുന്നതോടെ നിലവിലെ മഹാഘട്ട്ബന്ധൻ മുന്നണിയിലെ സീറ്റ് നില 114 ആയി കുറയും.

ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെപി നഡ്ഡ എന്നിവർ ഇന്ന് ബിഹാറിൽ എത്തുന്നുണ്ട്. ഇവരുടെ സാന്നിധ്യത്തിലാകും എൻഡിഎ മുന്നണിയുടെ മുഖ്യമന്ത്രിയായി നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്യുകയെന്നാണ് വിവരം.

Full View

Mallikarjun Kharge On Nitish Kumar's Exit

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News