'ബി.ജെ.പി 200 സീറ്റ് പോലും കടക്കില്ല, ഇൻഡ്യാ സഖ്യം അധികാരത്തിലെത്തും': മമത ബാനർജി

''മോദി ഇപ്പോൾ പറയുന്നത് നോക്കൂ, 400 സീറ്റുകളൊന്നും ബി.ജെ.പിയെക്കൊണ്ടാവില്ല. ചുവരഴുത്ത് ഇതിനകം അദ്ദേഹത്തിന് മനസിലായിക്കാണും''

Update: 2024-05-18 14:28 GMT
Editor : rishad | By : Web Desk
Advertising

കൊല്‍ക്കത്ത: 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇന്‍ഡ്യാ സഖ്യം അധികാരത്തിലെത്തുമെന്നും ബിജെപിക്ക് 200 സീറ്റ് പോലും നേടാനാവില്ലെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ആരംബാഗ് ലോക്‌സഭാ മണ്ഡലത്തിന് കീഴിലുള്ള ഗോഘട്ടിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മമത.

''സഖ്യത്തിന് ഇന്‍ഡ്യ എന്ന പേര് നല്‍കിയത് ഞാനാണ്. സ്വേച്ഛാധിപത്യപരമായി നീങ്ങുന്ന നരേന്ദ്രമോദി സർക്കാരിനെ അധികാരത്തില്‍ നിന്ന് നീക്കാന്‍ ദേശീയതലത്തില്‍ ഞങ്ങള്‍ സഖ്യകക്ഷികളെല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണ്. ഇന്‍ഡ്യാ സഖ്യത്തെ അധികാരത്തിലെത്തിക്കുന്നതിൽ ടി.എം.സി മുഖ്യ പങ്ക് വഹിക്കും''- മമത പറഞ്ഞു.

''മോദി ഇപ്പോൾ പറയുന്നത് നോക്കൂ, 400 സീറ്റുകളൊന്നും ബി.ജെ.പിയെക്കൊണ്ടാവില്ല. ചുവരഴുത്ത് ഇതിനകം അദ്ദേഹത്തിന് മനസിലായിക്കാണും. 200 സീറ്റ് പോലും ബി.ജെ.പി 200 കടക്കില്ലെന്നും അവര്‍ പരാജയം രുചിക്കുമെന്നും മമത കൂട്ടിച്ചേര്‍ത്തു. ഇന്ത്യൻ ഭരണഘടന മാറ്റാനാണ് മോദി ശ്രമിക്കുന്നത്. ഭരണഘടന വിഭാവനം ചെയ്യുന്ന ബഹുസ്വര മൂല്യങ്ങളും മതേതര ആശയങ്ങളും മാറ്റി ഇന്ത്യയുടെ പേര് ഭാരതം എന്നാക്കി മാറ്റാനും ബി.ജെപി ശ്രമിക്കുകയാണെന്നും മമത പറഞ്ഞു. 

അതേസമയം മോദിക്കെതിരെ മാത്രം യുദ്ധം നടത്തുന്ന തൃണമൂല്‍കോണ്‍ഗ്രസിനെ അപകീർത്തിപ്പെടുത്താൻ സിപിഎമ്മും കോൺഗ്രസും പശ്ചിമ ബംഗാളിലെ മറ്റ് ഇടതുപക്ഷ പാര്‍ട്ടികളും ബി.ജെ.പിയുമായി അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കിയിരിക്കുകയാണെന്ന ആരോപണവും മമത റാലിയില്‍ ഉന്നയിച്ചു.

അതേസമയം ഇൻഡ്യാ സഖ്യം അധികാരത്തിൽ വന്നാൽ രാമക്ഷേത്രം ബുൾഡോസർ ഉപയോഗിച്ച് തകർക്കുമെന്ന പ്രധാനമന്ത്രിയുടെ ആരോപണത്തിന് മറുപടിയുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രംഗത്ത് എത്തി. ഞങ്ങളൊരിക്കലും ആർക്കെതിരെയും ബുൾഡോസർ ഉപയോഗിച്ചിട്ടില്ല. ഇനി ഭാവിയിലും അത് ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. മോദിക്ക് മുമ്പ് ഒരു പ്രധാനമന്ത്രിയും ഇത്തരത്തിൽ ജനങ്ങളെ കലാപത്തിന് പ്രേരിപ്പിച്ചിട്ടില്ല. ജനാധിപത്യത്തെ കുറിച്ച് മോദി ആവർത്തിച്ച് സംസാരിക്കുന്നു, എന്നാൽ അദ്ദേഹം ഒരിക്കലും ജനാധിപത്യ തത്വങ്ങൾ പാലിക്കുന്നില്ല. ജനങ്ങളെ കലാപത്തിന് പ്രേരിപ്പിക്കുന്നത് അദ്ദേഹത്തിന്റെ ശീലമായി മാറിയെന്നും ഖാർഗെ പറഞ്ഞു.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News