ഇൻഡ്യാ സഖ്യത്തെ പുറത്തുനിന്ന് പിന്തുണയ്ക്കുമെന്ന് മമത ബാനര്‍ജി
ബംഗാളിൽ സഖ്യവുമായി കടുത്ത ഏറ്റുമുട്ടൽ നടത്തുന്നതിനിടെയാണ് മമതയുടെ പ്രതികരണം
കൊല്‍ക്കത്ത: ഇൻഡ്യ സഖ്യത്തിന് സർക്കാർ രൂപീകരിക്കാൻ പുറത്തുനിന്ന് പിന്തുണയ്ക്കുമെന്ന പ്രഖ്യാപനവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി. ബംഗാളിൽ സഖ്യവുമായി കടുത്ത ഏറ്റുമുട്ടൽ നടത്തുന്നതിനിടെയാണ് മമതയുടെ പ്രതികരണം.
സി.പി.എമ്മുമായുള്ള ബംഗാൾ കോൺഗ്രസിന്‍റെ ബന്ധത്തെ ചൊല്ലി ഇൻഡ്യാ സഖ്യത്തിൽ നിന്ന് വിട്ട് നിൽക്കുന്ന മമത നിലപാടുകളിൽ അയവ് വരുത്തുന്നതിന്‍റെ സൂചനകളാണ് പുതിയ പ്രഖ്യാപനത്തിൽ ഉള്ളത്. ബംഗാളിലെ അമ്മമാർക്കും സഹോദരിമാർക്കും വേണ്ടി കേന്ദ്രത്തിൽ ഞങ്ങളുടെ പിന്തുണയിൽ ഇൻഡ്യാ സഖ്യം സർക്കാർ രൂപീകരിക്കുമന്നാണ് മമത പറഞ്ഞത്. സർക്കാറിന് പുറത്തുനിന്ന് എല്ലാ വിധ പിന്തുണയും നൽകുമെന്ന് അവർ വ്യക്തമാക്കി. അതേസമയം സി.പി.എമ്മിനോടും ബംഗാൾ കോൺഗ്രസ് ഘടകത്തോടുമുള്ള തന്‍റെ എതിർപ്പും മമത മറച്ചുവെച്ചില്ല. ഇരു വിഭാഗത്തെയും ഇൻഡ്യാ സഖ്യത്തിന്‍റെ ഭാഗമായി പരിഗണിക്കുന്നില്ലെന്നാണ് മമത തുറന്നടിച്ചത്. സി.പി.എമ്മും ബംഗാൾ കോൺഗ്രസ് ഘടകവും ബി.ജെ.പിക്കൊപ്പമാണ്. ദേശീയ തലത്തിലെ സംവിധാനത്തെ കുറിച്ചാണ് താൻ സംസാരിക്കുന്നതെന്നും മമത പറഞ്ഞു.
കടുത്ത ത്രികോണ മത്സരം നടക്കുന്ന ബംഗാളിലെ പ്രചാരണ രംഗത്ത് മോദിയും അമിത്ഷായും അടങ്ങുന്ന ബി.ജെ.പി നേതൃത്വം സജീവസാന്നിധ്യമാണ്. ഏഴു ഘട്ടങ്ങളിലായാണ് സംസ്ഥാനത്തെ 42 മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് പൂർത്തിയാവുക.