അബുദബി രാജകുടുംബവുമായി ബന്ധമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ആഡംബര ഹോട്ടലില്‍ തങ്ങിയത് 4 മാസം; 23 ലക്ഷം രൂപ വാടക നല്‍കാതെ യുവാവ് മുങ്ങി

ലീല പാലസ് ഹോട്ടല്‍ മാനേജ്മെന്‍റിന്‍റെ പരാതിയില്‍ വഞ്ചന, മോഷണം എന്നീ കുറ്റങ്ങൾ ചുമത്തപ്പെട്ട മുഹമ്മദ് ശെരീഫിനെ ഡൽഹി പൊലീസ് തിരയുകയാണ്

Update: 2023-01-17 07:41 GMT
Editor : Jaisy Thomas | By : Web Desk

ലീല പാലസ്, ഡല്‍ഹി

Advertising

ഡല്‍ഹി: അബുദബി രാജകുടുംബത്തിലെ ജീവനക്കാരനെന്ന് തെറ്റിദ്ധരിപ്പിച്ച് യുവാവ് ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ തങ്ങിയത് നാലു മാസം. ഒടുവില്‍ 23 ലക്ഷം രൂപ വാടക നല്‍കാതെ യുവാവ് ഹോട്ടലില്‍ നിന്നും മുങ്ങുകയും ചെയ്തു. ലീല പാലസ് ഹോട്ടല്‍ മാനേജ്മെന്‍റിന്‍റെ പരാതിയില്‍ വഞ്ചന, മോഷണം എന്നീ കുറ്റങ്ങൾ ചുമത്തപ്പെട്ട മുഹമ്മദ് ശെരീഫിനെ ഡൽഹി പൊലീസ് തിരയുകയാണ്.

ആഗസ്ത് 1ന് ലീല പാലസിലെത്തിയ ശെരീഫ് നവംബര്‍ 20ന് ശേഷം അപ്രത്യക്ഷനാവുകയായിരുന്നു. മുറിയിൽ നിന്ന് വെള്ളി പാത്രങ്ങളും പേൾ ട്രേയും ഉൾപ്പെടെ നിരവധി സാധനങ്ങൾ ഇയാൾ മോഷ്ടിച്ചതായി ഹോട്ടൽ ജീവനക്കാർ ആരോപിച്ചു. താൻ യു.എ.ഇയിൽ താമസക്കാരനാണെന്നും അബുദബി രാജകുടുംബത്തിലെ ഷെയ്ഖ് ഫലാഹ് ബിൻ സായിദ് അൽ നഹ്യാനുമായി അടുത്ത് ബന്ധമുണ്ടെന്നും ശെരീഫ് ജീവനക്കാരോട് പറഞ്ഞിരുന്നു. ബിസിനസ് കാര്യങ്ങള്‍ക്കായി ഇന്ത്യയിലെത്തിയതാണെന്നാണ് ഇയാള്‍ പറഞ്ഞത്. ഒരു ബിസിനസ് കാർഡും യുഎഇ റസിഡന്‍റ് കാർഡും മറ്റ് രേഖകളും തെളിവായി കാണിക്കുകയും ചെയ്തു. താന്‍ പറഞ്ഞത് വിശ്വസിക്കാന്‍ വേണ്ടി ജീവനക്കാരോട് യു.എ.ഇയിലെ ജീവിതത്തെക്കുറിച്ച് ഇയാള്‍ നിരന്തരം സംസാരിച്ചിരുന്നു.

ശെരീഫ് കാണിച്ച രേഖകള്‍ വ്യാജമാണോ എന്ന് പൊലീസ് പരിശോധിച്ചു വരികയാണ്. നാലുമാസത്തെ താമസത്തിനിടെ മുറിയുടെയും സേവനങ്ങളുടെയും ബില്ല് 35 ലക്ഷം രൂപയാണ്. 11.5 ലക്ഷം രൂപ നൽകിയ ശേഷം ബാക്കി നൽകാതെ പ്രതി മുങ്ങുകയായിരുന്നു. നവംബർ 20ന് 20 ലക്ഷം രൂപയുടെ ചെക്കും ഇയാൾ ജീവനക്കാർക്ക് നൽകിയിരുന്നു. പ്രതിയെ തിരിച്ചറിയാന്‍ പൊലീസ് സിസി ടിവി ക്യാമറകൾ പരിശോധിച്ചുവരികയാണ്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News