വിവാഹഭ്യര്‍ഥന നിരസിച്ച യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ചു; യുവാവ് അറസ്റ്റില്‍
സംഭവം നടന്ന് രണ്ട് മണിക്കൂറിനുള്ളിൽ രാംഗഞ്ച് പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥർ പ്രതിയെ പിടികൂടിയതായി പൊലീസ് അറിയിച്ചു
അജ്മീര്‍: വിവാഹഭ്യര്‍ഥന നിരസിച്ച യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. രാജസ്ഥാനിലെ അജ്മീറിലാണ് സംഭവം. സംഭവം നടന്ന് രണ്ട് മണിക്കൂറിനുള്ളിൽ രാംഗഞ്ച് പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥർ പ്രതിയെ പിടികൂടിയതായി പൊലീസ് അറിയിച്ചു.
രാംഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ആശാഗഞ്ച് പ്രദേശത്തെ താമസക്കാരിയായ സഞ്ജനക്ക് നേരെയാണ് ആസിഡ് ആക്രമണമുണ്ടായതെന്ന് രാംഗഞ്ച് ഡെപ്യൂട്ടി എസ്പി രാമചന്ദ്ര ചൗധരി പറഞ്ഞു. ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ അമ്മൂമ്മയ്‌ക്കൊപ്പം വീട്ടിലായിരുന്ന സമയത്താണ് അയല്‍വാസിയും ഫോട്ടോഗ്രാഫറുമായ ആശിഷ് രജോറിയ എന്ന ഹർഷ് സഞ്ജനയുടെ വീട്ടിലെത്തുന്നത്. ഈ സമയം വീട് വൃത്തിയാക്കുകയായിരുന്നു സഞ്ജന. വീടിന്‍റെ പിന്‍വാതിലിലൂടെ അകത്തുകടന്ന ഹര്‍ഷ് യുവതിയെ വിവാഹത്തിന് നിര്‍ബന്ധിക്കാന്‍ തുടങ്ങി. വിവാഹം കഴിക്കാൻ വിസമ്മതിച്ചപ്പോൾ പ്രതി ഇരയുടെ മുഖത്ത് ആസിഡ് ഒഴിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.മുഖത്ത് ആസിഡ് വീണ സഞ്ജന അലറിക്കൊണ്ട് പുറത്തേക്ക് ഓടി. ഇതിനിടയിൽ പ്രതി ആസിഡ് കുപ്പി വീടിന് പുറത്തുള്ള അഴുക്കുചാലിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
രണ്ടര വര്‍ഷമായി ഇരുവര്‍ക്കും പരസ്പരം അറിയാമെന്നും സോഷ്യല്‍മീഡിയ വഴിയാണ് സംസാരിക്കാന്‍ തുടങ്ങിയതെന്നും പൊലീസ് വ്യക്തമാക്കി. ആശിഷിന് സഞ്ജനയെ ഇഷ്ടമായിരുന്നു. തന്നെ വിവാഹം കഴിക്കാൻ സമ്മർദം ചെലുത്തിയിരുന്നതായും കണ്ടെത്തി. വിവാഹം കഴിച്ചില്ലെങ്കില്‍ ജീവനൊടുക്കുമെന്ന് ആശിഷ് ഭീഷണി മുഴക്കിയിരുന്നു. ബി.എഡ് വിദ്യാർഥിനിയായ സഞ്ജന സിവിൽ സർവീസിന് തയ്യാറെടുക്കുന്നതിനിടെയാണ് ആക്രമണത്തിനിരയായത്. യുവതിക്ക് 10 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ആസിഡ് മുഖത്ത് വീണയുടന്‍ യുവതി തണുത്ത വെള്ളത്തില്‍ മുഖം കഴുകിയിരുന്നു. പ്രതിയെ പൊലീസ് ചോദ്യം ചെയ്യുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.