ആസിഡ് ആക്രമണം: മൊബൈലും സ്കൂട്ടറും മറ്റൊരിടത്ത്, അന്വേഷണം വഴിതെറ്റിക്കാന്‍ നീക്കം നടത്തിയെങ്കിലും പ്രതികള്‍ പിടിയില്‍
പ്രതികൾ ഫ്ലിപ്കാർട്ട് വഴിയാണ് ആസിഡ് വാങ്ങിയതെന്ന് പൊലീസ്
ഡൽഹി: ഡല്‍ഹിയില്‍ വിദ്യാര്‍ഥിനിയുടെ നേരെ ആസിഡ് ആക്രമണം നടത്തിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. സച്ചിൻ അറോറ (20), ഹർഷിത് അഗർവാൾ (19), വിരേന്ദർ സിങ് (22) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അന്വേഷണം വഴിതെറ്റിക്കാന്‍ പ്രതികള്‍ നീക്കം നടത്തിയെന്ന് പൊലീസ് പറഞ്ഞു.
സച്ചിനും ഹര്‍ഷിതും മാസ്ക് ധരിച്ച് സ്കൂട്ടറിലെത്തിയാണ്, സ്കൂളിലേക്ക് പോവുകയായിരുന്ന 17കാരിക്ക് നേരെ ആസിഡ് ഒഴിച്ചത്. വിരേന്ദര്‍ സച്ചിന്‍റെ സ്കൂട്ടറും മൊബൈല്‍ ഫോണും മറ്റൊരു ലൊക്കേഷനില്‍ കൊണ്ടുപോയി വെച്ചു. പ്രതികള്‍ ആസിഡ് ആക്രമണം നടന്ന സ്ഥലത്ത് ആയിരുന്നില്ലെന്ന് സ്ഥാപിക്കാനാണ് ഇങ്ങനെ ചെയ്തതെന്ന് പൊലീസ് പറയുന്നു. ഈ നീക്കത്തിലൂടെ അന്വേഷണം വഴിതെറ്റിക്കാനും പ്രതികള്‍ ശ്രമിച്ചെന്നും പൊലീസ് വിശദീകരിച്ചു.
പ്രതികൾ ഫ്ലിപ്കാർട്ട് വഴിയാണ് ആസിഡ് വാങ്ങിയതെന്ന് പൊലീസ് ഓഫീസര്‍ സാഗര്‍ പ്രീത് ഹൂഡ പറഞ്ഞു. നിരോധനമുണ്ടായിട്ടും വിപണിയിൽ ആസിഡ് ലഭ്യമാകുന്നത് എങ്ങനെയാണെന്ന് ലഫ്റ്റനന്റ് ഗവർണർ വി.കെ സക്‌സേനയും ഡൽഹി വനിതാ കമ്മീഷൻ മേധാവി സ്വാതി മാലിവാളും വനിതാ സംഘടനകളും ചോദിച്ചു. ഡൽഹി പൊലീസ് കമ്മീഷണർ സഞ്ജയ് അറോറയുമായി ലഫ്റ്റനന്റ് ഗവർണർ ഈ വിഷയം സംസാരിച്ചു. പ്രതികള്‍ക്ക് എങ്ങനെ ആസിഡ് വാങ്ങാന്‍ കഴിഞ്ഞെന്ന് അന്വേഷിക്കണമെന്ന് ലഫ്റ്റനന്റ് ഗവർണർ ആവശ്യപ്പെട്ടു.
സച്ചിനും പെൺകുട്ടിയും നേരത്തെ പരിചയക്കാരായിരുന്നു. പെൺകുട്ടി സച്ചിനുമായുള്ള ബന്ധം ഉപേക്ഷിച്ചതിനു പിന്നാലെയായിരുന്നു ആസിഡ് ആക്രമണമെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടി ഗുരുതരാവസ്ഥയിൽ സഫ്ദര്‍ ജങ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ആസിഡ് ആക്രമണ ദൃശ്യങ്ങള്‍ സി.സി.ടി.വിയിൽ പതിഞ്ഞതിനാൽ മൂന്നു പ്രതികളെയും പൊലീസ് 12 മണിക്കൂറിനുള്ളിൽ പിടികൂടി.
അതിനിടെ വിദ്യാര്‍ഥിനിക്കു നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതികളെ പരസ്യമായി തൂക്കിലേറ്റണമെന്ന് ബി.ജെ.പി എം.പിയും മുൻ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീർ ആവശ്യപ്പെട്ടു. ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരില്‍ അതിയായ ഭയം വളർത്തിയെടുക്കണമെന്നും ഗംഭീർ ട്വീറ്റ് ചെയ്തു- "വാക്കുകൾക്ക് ഒരു നീതിയും നൽകാൻ കഴിയില്ല. ഈ മൃഗങ്ങളിൽ അതിയായ ഭയം വളർത്തിയെടുക്കണം. സ്‌കൂൾ വിദ്യാർഥിനിക്ക് നേരെ ആസിഡ് ഒഴിച്ചയാളെ അധികൃതർ പരസ്യമായി തൂക്കിലേറ്റണം"- എന്നാണ് ഗൗതം ഗംഭീർ പ്രതികരിച്ചത്.