മംഗളൂരുവിൽ ഓട്ടോറിക്ഷയിലുണ്ടായ സ്‌ഫോടനം തീവ്രവാദ പ്രവർത്തനമെന്ന് ഡി.ജി.പി

ശനിയാഴ്ച വൈകീട്ട് മംഗളൂരുവിൽ ഓട്ടോറിക്ഷയിലുണ്ടായ സ്‌ഫോടനത്തിൽ ഡ്രൈവറും യാത്രക്കാരനും ഉൾപ്പെടെ രണ്ട് പേർക്ക് പരിക്കേറ്റിരുന്നു.

Update: 2022-11-20 05:48 GMT
Advertising

മംഗളൂരു: നഗരത്തിൽ ഓട്ടോറിക്ഷയിലുണ്ടായ സ്‌ഫോടനം അപകടമല്ലെന്നും ഗുരുതര നാശനഷ്ടങ്ങൾ വരുത്താൻ ഉദ്ദേശിച്ചുള്ള തീവ്രവാദ പ്രവർത്തനമാണെന്നും കർണാടക ഡി.ജി.പി. കേന്ദ്രസർക്കാർ ഏജൻസികളുമായി ചേർന്ന് സ്‌ഫോടനം സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും ഡി.ജി.പി അറിയിച്ചു.

''സ്‌ഫോടനത്തിൽ പരിക്കേറ്റ വ്യക്തി ഇപ്പോൾ സംസാരിക്കാൻ പറ്റുന്ന അവസ്ഥയിലല്ല. പൊലീസ് സംഘം വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. തീവ്രവാദ പ്രവർത്തനമാണെന്നാണ് പ്രാഥമിക അന്വേഷണത്തിൽനിന്ന് ലഭിക്കുന്ന സൂചന. ദേശീയ അന്വേഷണ ഏജൻസികളെ വിവരമറിയിച്ചതിനെ തുടർന്ന് അവർ ഒരു സംഘത്തെ മംഗളൂരുവിലേക്ക് അയച്ചിട്ടുണ്ട്. അടുത്ത ഒന്നു രണ്ട് ദിവസത്തിനുള്ളിൽ ശക്തമായ വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്''-ഡി.ജി.പി പറഞ്ഞു.

ഓട്ടോറിക്ഷയിലുണ്ടായ സ്‌ഫോടനത്തിൽ ഡ്രൈവറും യാത്രക്കാരനും ഉൾപ്പെടെ രണ്ട് പേർക്ക് പരിക്കേറ്റിരുന്നു. ശനിയാഴ്ച വൈകിട്ടാണ് സംഭവം. റോഡിലൂടെ പോവുകയായിരുന്ന ഓട്ടോറിക്ഷ നിർമാണ പ്രവൃത്തികൾ നടക്കുന്ന കെട്ടിടത്തിന് സമീപം എത്തിയപ്പോൾ പൊട്ടിത്തെറിക്കുന്നതാണ് സി.സി.ടി.വി ദൃശ്യങ്ങളിലുള്ളത്.

പെട്ടെന്നുള്ള പൊട്ടിത്തെറിയിൽ ഓട്ടോറിക്ഷക്ക് തീപിടിക്കുന്നതും നാട്ടുകാർ ഓടികൂടുന്നതും ദൃശ്യങ്ങളിൽ കാണാം. പരിക്കേറ്റവരെ ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാത്രക്കാരൻറെ കൈയ്യിലുണ്ടായിരുന്ന ബാഗ് തുറക്കുന്നതിനിടെയാണ് സ്‌ഫോടനമെന്നാണ് റിപ്പോർട്ട്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News