Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ലഖ്‌നൗ: ഭക്ഷണം വിളമ്പാന്‍ വൈകിയതിനെ തുടർന്ന് വിവാഹത്തില്‍ നിന്ന് പിന്‍മാറി ബന്ധുവിനെ വിവാഹം കഴിച്ച് വരന്‍. മെഹ്താബ് എന്ന യുവാവാണ് വിവാഹത്തിൽ നിന്ന് പിൻമാറിയത്. ഡിസംബർ 22ന് ഉത്തര്‍പ്രദേശിലെ ചന്ദൗലി ജില്ലയിലെ ഹമീദ്പൂര്‍ ഗ്രാമത്തിലാണ് സംഭവം.
ഏഴ് മാസം മുമ്പാണ് മെഹ്താബിന്റെ വിവാഹം നിശ്ചയിച്ചത്. ഡിസംബര്‍ 22ന് പരമ്പരാഗത ആഘോഷങ്ങളോടെ വിവാഹ ചടങ്ങ് ആരംഭിച്ചു. വധുവിന്റെ കുടുംബം വിവാഹത്തലേന്ന് വരന്റെ ആളുകളെ മധുരപലഹാരങ്ങള്‍ നല്‍കി സ്വാഗതം ചെയ്യുകയും പിന്നീട് അത്താഴം വിളമ്പുകയും ചെയ്തു. റൊട്ടി വിളമ്പിയത് വൈകിയെന്നാരോപിച്ച് വരനൊപ്പം വന്ന ഒരാള്‍ ബഹളം വെച്ചു. ഇത് പിന്നീട് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ഉടന്‍ തന്നെ വരൻ സ്ഥലത്ത് നിന്ന് പോവുകയും പിന്നീട് ബന്ധുവായ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയുമായിരുന്നു.
സംഭവത്തില്‍ വധുവിന്റെ വീട്ടുകാര്‍ പൊലീസിൽ പരാതി നല്‍കി. ലോക്കല്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയൊന്നും കാണാത്തതിനെത്തുടര്‍ന്ന് വീട്ടുകാർ പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കി. സ്ത്രീധനമായി നല്‍കിയ 1.5 ലക്ഷം രൂപ ഉള്‍പ്പെടെ 7 ലക്ഷം രൂപയുടെ സാമ്പത്തിക നഷ്ടം ഉണ്ടായതായി വധുവിന്റെ കുടുംബം പരാതിയില്‍ പറഞ്ഞു. വരന്റെ കുടുംബത്തിലെ അഞ്ച് അംഗങ്ങള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അധികാരികളോട് വധുവിന്റെ കുടുംബം ആവശ്യപ്പെട്ടു.