'നഷ്ടപ്പെട്ടത് കുടുംബത്തിലെ അംഗം’; മൻമോഹൻ സിങ്ങിന്റെ വിയോഗത്തിൽ വിലപിച്ച് പാക് ഗ്രാമം

കുട്ടിക്കാലത്ത് ഗ്രാമം വിട്ട മൻമോഹൻ സിങ് പിന്നീടൊരിക്കലും അവിടം സന്ദർശിച്ചിട്ടില്ല

Update: 2024-12-28 12:15 GMT

ഗാഹിലെ ബാല്യകാല സുഹൃത്ത് രാജാ മുഹമ്മദ് അലിക്കൊപ്പം മൻമോഹൻ സിങ്  

Advertising

ന്യൂഡൽഹി: ഇന്ത്യൻ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ വിയോഗത്തിൽ വിലപിച്ച് പാകിസ്താനിലെ ഒരു ഗ്രാമം. മന്‍മോഹന്‍ സിങ്ങിന്റെ ജന്മനാടായ ഗാഹിലെ ഗ്രാമവാസികളാണ് അദ്ദേഹത്തെ അനുസ്മരിച്ച് ഒരുമിച്ചുകൂടിയത്. കുടുംബത്തിലെ ഒരാളെ നഷ്ടപ്പെട്ടത് പോലെയാണെന്ന് ഗ്രാമവാസികൾ പറയുന്നു.

പാക് തലസ്ഥാനമായ ഇസ്ലാമാബാദില്‍നിന്ന് 100 കി.മീ തെക്ക് കിഴക്ക് സ്ഥിതിചെയ്യുന്ന ഝലം ജില്ലയിലെ ഗാഹ് ഗ്രാമത്തില്‍ 1932 സെപ്റ്റംബര്‍ 26നാണ് മന്‍മോഹന്‍ സിങ് ജനിക്കുന്നത്. അച്ഛൻ ഗുര്‍മുഖ് സിങ്, അമ്മ അമൃത് കൗർ എന്നിവരടങ്ങുന്ന കുടുംബത്തിന്റെ പ്രധാന വരുമാനം തുണി കച്ചവടമായിരുന്നു. 1947ലെ വിഭജനത്തെ തുടർന്ന് ഗാഹ് ഗ്രാമം പാകിസ്താന്റെ ഭാഗമായി മാറി. അക്കാലത്താണ് ഗുര്‍മുഖിന്റെ കുടുംബം അമൃത് സറിലേക്ക് താമസം മാറിയത്.

ഗാഹിലായിരുന്നു മൻമോഹൻ സിങ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. ഗ്രാമത്തിലെ തന്റെ ഏറ്റവും പ്രിയപ്പെട്ട ഇടം ഈ വിദ്യാലയമാണെന്ന് ഡോ. സിങ് പറയാറുണ്ട്. 1937 ഏപ്രില്‍ ഏഴിനാണ് ഈ സ്‌കൂളില്‍ ചേര്‍ന്നത്. 187 ആയിരുന്നു അഡ്മിഷന്‍ നമ്പര്‍. അക്കാലത്ത് 'മോഹ്നാ' എന്നായിരുന്നു സുഹൃത്തുക്കളും അധ്യാപകരും അദ്ദേഹത്തെ വിളിച്ചിരുന്നത്. നാലാം ക്ലാസുവരെ ഈ ഗ്രാമത്തിലായിരുന്നു മന്‍മോഹന്‍ സിങ്ങിന്റെ പഠനം.

മന്‍മോഹന്‍ സിങ് ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലെത്തിയപ്പോഴാണ് ഗാഹ് എന്ന ഗ്രാമം ശ്രദ്ധപിടിച്ചുപറ്റിയത്. എന്നാൽ, കുട്ടിക്കാലത്ത് ഗ്രാമം വിട്ട അദ്ദേഹം പിന്നീടൊരിക്കലും അവിടേക്ക് തിരിച്ചുപോയിട്ടില്ല.

അതേസമയം, തങ്ങളുടെ പ്രിയപ്പെട്ട മോഹ്നായുടെ വേര്‍പാടില്‍ ഏറെ ദുഃഖിതരാണ് ഗ്രാമവാസികള്‍. പ്രധാനമന്ത്രിയായി സ്ഥാനമേൽക്കുമ്പോൾ ഉണ്ടായിരുന്ന സുഹൃത്തുക്കൾ ഇന്ന് ജീവിച്ചിരിപ്പില്ല. അവരുടെ കുടുംബങ്ങളാണ് ഗാഹിൽ ഒത്തുകൂടി മൻമോഹനെ അനുസ്മരിച്ചത്.

പാകിസ്താനിലെ രാഷ്ട്രീയ നേതാവും മന്‍മോഹന്‍ സിങ്ങിന്റെ സഹപാഠിയുമായ രാജാ മുഹമ്മദലിയും സഹോദരപുത്രന്‍ രാജാ ആഷിഖ് അലിയും 2008ല്‍ അദ്ദേഹത്തെ കാണാന്‍ ഡല്‍ഹിയില്‍ എത്തിയിരുന്നു. രാജാ മുഹമ്മദ് അലി 2010ലാണ് അന്തരിച്ചത്. അദ്ദേഹത്തിന് പിന്നാലെ മറ്റു ചില സുഹൃത്തുക്കളും പിന്നീട് നാട്ടില്‍നിന്ന് മന്‍മോഹനെ കാണാന്‍ ഡല്‍ഹിയിലെത്തി. തങ്ങളുടെ ഗ്രാമത്തില്‍ നിന്നുള്ള ഒരു കുട്ടി ഇന്ത്യയുടെ പ്രധാനമന്ത്രിയായതില്‍ അഭിമാനം തോന്നിയ ദിവസങ്ങളുടെ ഓര്‍മകളിലാണ് തങ്ങള്‍ ഇപ്പോഴുമെന്ന് രാജാ ആഷിഖ് അലി പറയുന്നു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News