Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ന്യൂഡൽഹി: ഒളിംപിക്‌സ് മെഡൽ ജേതാവ് മനു ഭാക്കറിനും ചെസ്സ് ചാമ്പ്യൻ ഗുകേഷിനുമുൾപ്പെടെ നാല് പേർക്ക് ഖേൽരത്ന പുരസ്കാരം. ഇന്ത്യൻ പുരുഷ ഹോക്കി ടീം ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്, പാരാലിമ്പിക്‌സ് മെഡൽ ജേതാവ് പ്രവീൺ കുമാർ എന്നിവരും പുരസ്കാരത്തിന് അർഹരായി. മലയാളി നീന്തൽ താരം സജൻ പ്രകാശിന് അർജുന അവാർഡ്. 32 പേരാണ് അർജുന അവാർഡിന് അർഹരായത്
നേരത്തെ മനു ഭാക്കറിന്റെ പേര് പുരസ്കാരത്തിന് ശിപാർശ ചെയ്യാത്തത് വിവാദമായിരുന്നു. പുരസ്കാരങ്ങൾ ജനുവരി 17ന് രാഷ്ട്രപതി സമ്മാനിക്കും.
പാരിസ് ഒളിമ്പിക്‌സില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വെങ്കലം നേടി മനു ഭാക്കര്‍ ചരിത്രമെഴുതിയിരുന്നു. ഷൂട്ടിങ് വ്യക്തിഗത വിഭാഗത്തില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ചരിത്രമാണ് അവര്‍ സ്വന്തമാക്കിയത്. പിന്നാലെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീമിനത്തിലും വെങ്കലം നേടി.
സിംഗപ്പൂരില്‍ നടന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ ചൈനീസ് ചെസ് താരം ഡിങ് ലിറെനിനെ തോല്‍പ്പിച്ചാണ് ഗുകേഷ് ലോകചാമ്പ്യനായത്. ഇതോടെ ലോകചാമ്പ്യനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോഡും 18കാരനായ ഗുകേഷ് സ്വന്തമാക്കി. ഇന്ത്യന്‍ ഹോക്കി ടീമിന്റെ ക്യാപ്റ്റനായ ഹര്‍മന്‍പ്രീത് സിങ്ങ് 2024 പാരിസ് ഒളിമ്പിക്‌സില്‍ ഇന്ത്യയെ വെങ്കലത്തിലേക്ക് നയിച്ചിരുന്നു. പാരാ അത്‌ലറ്റായ പ്രവീണ്‍ കുമാര്‍ 2024 പാരിസ് പാരാലിമ്പിക്‌സില്‍ ഹൈജമ്പില്‍ സ്വര്‍ണം നേടിയിരുന്നു