'ഞാൻ കങ്കണയോട് യോജിക്കുന്നു'; വിവാദ പരാമർശത്തെ പിന്തുണച്ച് മറാത്ത നടൻ വിക്രം ഗോഖലെ

"ബ്രിട്ടീഷ് ഭരണകാലത്ത് സ്വാതന്ത്ര്യ സമര സേനാനികളെ തൂക്കിലേറ്റിയപ്പോൾ മുതിർന്ന നേതാക്കളുൾപ്പെടെ പലരും വെറും കാഴ്ചക്കാരായിരുന്നു"

Update: 2021-11-14 14:12 GMT
Advertising

ഇന്ത്യയുടെ സ്വാതന്ത്ര്യം സംബന്ധിച്ച വിവാദ പരാമർശത്തില്‍ നടി കങ്കണ റണാവത്തിന് പിന്തുണയുമായി മറാത്ത നടൻ വിക്രം ഗോഖലെ. "കങ്കണയുടെ പരാമർശത്തോട്​ ഞാൻ യോജിക്കുന്നു. നമുക്ക് സ്വാതന്ത്ര്യം ലഭിച്ചു. ബ്രിട്ടീഷ് ഭരണകാലത്ത് സ്വാതന്ത്ര്യ സമര സേനാനികളെ തൂക്കിലേറ്റിയപ്പോൾ പലരും വെറും കാഴ്ചക്കാരായിരുന്നു. അവരിൽ പല മുതിർന്ന നേതാക്കളും ഉണ്ടായിരുന്നു. ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ സ്വാതന്ത്ര്യ സമര സേനാനികളെ അവർ രക്ഷിച്ചില്ല'- ഗോഖലെ പറഞ്ഞു. 

ത്രിപുരയിലെ വർഗീയ കലാപങ്ങളെ തുടർന്ന്​ മഹാരാഷ്​ട്രയിൽ അരങ്ങേറുന്ന അക്രമ സംഭവങ്ങളെക്കുറിച്ചും ഗോഖലെ പ്രതികരിച്ചതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. വോട്ടുബാങ്ക്​ രാഷ്​ട്രീയത്തിന്‍റെ ഫലമാണ്​ വർഗീയ ലഹളകളെന്ന് പറഞ്ഞ ഗോഖലെ, രാജ്യത്തിന്‍റെ പുരോഗതിക്കായി ബി.ജെ.പിയും ശിവസേനയും വീണ്ടും ഒരുമിക്കണമെന്നും ആവശ്യപ്പെട്ടു.  

'1947ൽ ഇന്ത്യക്ക് ലഭിച്ചത് സ്വാതന്ത്ര്യമായിരുന്നില്ല. ഭിക്ഷയായിരുന്നു. രാജ്യത്തിന് യഥാർഥത്തിൽ സ്വാതന്ത്ര്യം കിട്ടിയത് 2014ലാണ്' എന്നായിരുന്നു കങ്കണയുടെ വിവാദ പ്രസ്താവന. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിൽ ടൈംസ് നൗ സംഘടിപ്പിച്ച സമ്മിറ്റിൽ സംസാരിക്കവെയായിരുന്നു പരാമര്‍ശം. ഇതിനു പിന്നാലെ കങ്കണയുടെ പത്മശ്രീ പുരസ്‌കാരം തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും സാംസ്‌കാരിക പ്രവർത്തകരും രംഗത്തെത്തിയിരുന്നു.

Marathi actor Vikram Gokhale on Sunday supported Bollywood actress Kangana Ranaut's controversial remarks

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News