'അവള്‍ നാട്ടിലേക്ക് വരാനിരുന്നതാണ്, ഇത്തവണ വിവാഹം നടക്കേണ്ടതായിരുന്നു': ലണ്ടനില്‍ കൊല്ലപ്പെട്ട ഹൈദരാബാദുകാരിയുടെ കുടുംബം
മൂന്നു വർഷം മുമ്പാണ് തേജസ്വിനി ഉപരിപഠനത്തിനായി ലണ്ടനിലെത്തിയത്
ഹൈദരാബാദ്: ലണ്ടനിൽ നിന്ന് മടങ്ങിവന്നശേഷം വിവാഹം നടക്കാനിരിക്കെയാണ് ഹൈദരാബാദുകാരിയായ പെൺകുട്ടി കൊല്ലപ്പെട്ടതെന്ന് ബന്ധുക്കൾ. ഉപരിപഠനത്തിനായി ലണ്ടനിലെത്തിയ 27കാരിയായ കോന്തം തേജസ്വിനിയെ ബ്രസീല്‍ പൌരനാണ് കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ തേജസ്വിനിയുടെ കൂടെ താമസിച്ചിരുന്ന പെണ്‍കുട്ടിക്കും പരിക്കേറ്റു.
മൂന്നു വർഷം മുമ്പാണ് തേജസ്വിനി മാസ്റ്റർ ഓഫ് സയൻസ് ചെയ്യാന്‍ ലണ്ടനിലെത്തിയത്. കഴിഞ്ഞ വർഷം ആഗസ്തില്‍ തേജസ്വിനി നാട്ടിലെത്തിയിരുന്നു. ഇക്കഴിഞ്ഞ മെയ് മാസത്തില്‍ നാട്ടിലേക്ക് വരാനിരുന്നതാണെങ്കിലും പിന്നീട് ഒരു മാസം കഴിഞ്ഞ് വരാന്‍ തീരുമാനിക്കുകയായിരുന്നു. ഇത്തവണ വരുമ്പോൾ വിവാഹം നടത്താനായിരുന്നു തീരുമാനം. നിലവില്‍ ചെയ്തിരുന്ന തത്കാലിക ജോലി തേജസ്വിനി രാജിവച്ചിരുന്നുവെന്നും കുടുംബം പറഞ്ഞു.
ഇന്നലെ രാവിലെയാണ് വിവരം ലഭിച്ചതെന്ന് തേജസ്വിനിയുടെ അച്ഛന്‍ പറഞ്ഞു- "എപ്പോഴാണ് സംഭവിച്ചതെന്ന് അറിയില്ല. മകള്‍ ഗുരുതരാവസ്ഥയിലാണെന്നും ആശുപത്രിയിലാണെന്നുമാണ് ഞങ്ങളോട് പറഞ്ഞത്. അവൾ മൂന്ന് വർഷം മുമ്പാണ് ലണ്ടനിലേക്ക് പോയത്. അവിടെ എംഎസ് കോഴ്‌സ് പൂർത്തിയാക്കി. ഒരു മാസം കൂടി ജോലി ചെയ്ത ശേഷം തിരിച്ചുവരാമെന്നാണ് പറഞ്ഞത്"
ബ്രസീലിയൻ പൗരനായ കെവൻ അന്റോണിയോ ലോറൻകോയെ പൊലീസ് അറസ്റ്റ് ചെയ്തു. ഹാരോയിൽ നിന്നാണ് 23കാരനെ അറസ്റ്റ് ചെയ്തത്. നേരത്തെ ഇയാള്‍ തേജസ്വിനിക്കൊപ്പമാണ് താമസിച്ചിരുന്നത്. ഒരാഴ്ച മുന്‍പാണ് തേജസ്വിനി താമസം മാറിയത്. ആക്രമണത്തിന്‍റെ കാരണം ചോദ്യംചെയ്യലിന് ശേഷമേ വ്യക്തമാകൂ. ലണ്ടനില്‍ നിന്ന് ഹൈദരാബാദിലേക്ക് മൃതദേഹം കൊണ്ടുവരാൻ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യണമെന്ന് പെണ്‍കുട്ടിയുടെ കുടുംബം അഭ്യര്‍ഥിച്ചു.