ശരദ് പവാർ അധ്യക്ഷസ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ എൻ.സി.പിയിൽ കൂട്ടരാജി

ചൊവ്വാഴ്ചയാണ് അപ്രതീക്ഷിത തീരുമാനത്തിലൂടെ ശരദ് പവാർ എൻ.സി.പി അധ്യക്ഷസ്ഥാനം രാജിവെക്കുന്നതായി പ്രഖ്യാപിച്ചത്.

Update: 2023-05-03 10:19 GMT
Advertising

മുംബൈ: ശരദ് പവാർ അധ്യക്ഷസ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ എൻ.സി.പിയിൽ കൂട്ടരാജി. ജിതേന്ദ്ര അവ്ഹദ് ദേശീയ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു. താനെ ഘടകത്തിലെ എല്ലാ അംഗങ്ങളും രാജിവെച്ചു. മറ്റൊരു നേതാവായ അനിൽ പാട്ടീൽ എം.എൽ.എ സ്ഥാനം രാജിവെക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ശരദ് പവാറിനെ തീരുമാനത്തിൽനിന്ന് പിൻമാറ്റാനുള്ള സമ്മർദ തന്ത്രത്തിന്റെ ഭാഗമാണ് രാജിയെന്നാണ് സൂചന.

മുംബ്ര-കൽവ മണ്ഡലത്തിലെ എം.എൽ.എ ആയ അഹ്‌വാദ് ശരദ് പവാറിന്റെ വിശ്വസ്തരിൽ ഒരാളും മഹാരാഷ്ട്രയിലെ ശക്തനായ എൻ.സി.പി നേതാവുമാണ്. കോൺഗ്രസ്-ശിവസേന പാർട്ടികൾക്കൊപ്പം ചേർന്ന് മഹാവികാസ് അഘാഡി സഖ്യം രൂപീകരിക്കുന്നതിൽ നിർണായക പങ്കുവഹിച്ച നേതാവ് കൂടിയാണ് അഹ്‌വാദ്.

''രാജ്യസഭാ കാലാവധി പൂർത്തിയാകുന്നത് വരെയോ അല്ലെങ്കിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് വരേയെങ്കിലും പ്രസിഡന്റ് സ്ഥാനത്ത് തുടരണമെന്നാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. ശരദ് പവാർ എല്ലാം അറിയുന്നുണ്ടെങ്കിലും ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല''-അനിൽ പാട്ടീൽ പറഞ്ഞു.

ചൊവ്വാഴ്ചയാണ് അപ്രതീക്ഷിത തീരുമാനത്തിലൂടെ ശരദ് പവാർ എൻ.സി.പി അധ്യക്ഷസ്ഥാനം രാജിവെക്കുന്നതായി പ്രഖ്യാപിച്ചത്. തന്റെ ആത്മകഥാ പ്രകാശന വേദിയിലായിരുന്നു പവാറിന്റെ പ്രഖ്യാപനം. പുതിയ നേതൃത്വത്തിന് വേണ്ടി വഴിമാറുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രാജി. വിദേശ വനിതയായ സോണിയാ ഗാന്ധി അധ്യക്ഷയായതിൽ പ്രതിഷേധിച്ചാണ് ശരദ് പവാർ 1999-ൽ കോൺഗ്രസ് വിട്ട് എൻ.സി.പി രൂപീകരിച്ചത്.

രാജിക്കെതിരെ വലിയ എതിർപ്പുയർന്ന സാഹചര്യത്തിൽ രണ്ടോ മൂന്നോ ദിവസം ആലോചിച്ചിട്ട് തീരുമാനം പറയാമെന്നാണ് പവാർ അറിയിച്ചത്. പവാറിന് ശേഷം അനന്തരവൻ അജിത് പവാർ ആയിരിക്കും പാർട്ടിയെ നയിക്കുകയെന്നാണ് വിവരം. അതേസമയം പുതിയ വർക്കിങ് പ്രസിഡന്റിനെവെച്ച് ശരദ് പവാർ തന്നെ പ്രസിഡന്റായി തുടരാനും സാധ്യതയുണ്ട്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News