75 വര്‍ഷമായിട്ടും ഇന്ത്യയിലെ മുസ്‍ലിംകളുടെ സ്ഥിതി മെച്ചപ്പെട്ടിട്ടില്ല: രാജീവ് ചന്ദ്രശേഖര്‍
ദാരിദ്ര്യം, വിദ്യാഭ്യാസ പിന്നാക്കാവസ്ഥ തുടങ്ങിയവയുണ്ട്. എത്രയോ വര്‍ഷം അവരെ പേടിപ്പിച്ച് മുഖ്യധാരയില്‍ നിന്ന് അകറ്റിനിര്‍ത്തിയെന്ന് രാജീവ് ചന്ദ്രശേഖര്‍
75 വര്‍ഷമായിട്ടും ഇന്ത്യയിലെ മുസ്‍ലിംകളുടെ സ്ഥിതി മെച്ചപ്പെട്ടിട്ടില്ലെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ദാരിദ്ര്യം, വിദ്യാഭ്യാസ പിന്നാക്കാവസ്ഥ തുടങ്ങിയവയുണ്ട്. എത്രയോ വര്‍ഷം അവരെ പേടിപ്പിച്ച് മുഖ്യധാരയില്‍ നിന്ന് അകറ്റിനിര്‍ത്തി. അത് പരിഹരിക്കുകയാണ് മോദി സര്‍ക്കാരിന്‍റെ ലക്ഷ്യമെന്നും രാജീവ് ചന്ദ്രശേഖര്‍ മാതൃഭൂമി പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
"ബിജെപി രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണെന്ന പ്രചാരണം ഒരു ഫിക്ഷനാണ്. ജനങ്ങളില്‍ ഭയമുണ്ടാക്കാനായി മിത്ത് സൃഷ്ടിക്കുകയാണ്. മുസ്‍ലിം, ക്രിസ്ത്യന്‍ സഹോദരന്മാരെ പേടിപ്പിക്കുകയാണ്. ബിജെപി നിങ്ങളെ ബീഫ് തിന്നാന്‍ സമ്മതിക്കില്ല, നിങ്ങളുടെ സംസ്കാരം തകര്‍ക്കും, ബിജെപി ഹിന്ദുത്വം അടിച്ചേല്‍പ്പിക്കും എന്നാണ് പ്രചാരണം. ഇതിനൊരു തെളിവുമില്ല. സര്‍ക്കാര്‍ നടപ്പാക്കിയ ഒരു പദ്ധതിയില്‍പ്പോലും ജാതി-മത വിവേചനം കാട്ടിയിട്ടില്ല. ഏതെങ്കിലും മുസ്‍ലിമിന് ഈ പദ്ധതികളില്‍ നിന്ന് വിവേചനം നേരിട്ടതായി പറയാന്‍ കഴിയുമോ? സംസ്കാരം ഉയര്‍ത്തിപ്പിടിച്ചാല്‍ അത് മറ്റ് മതങ്ങള്‍ക്ക് എതിരാകുന്നതെങ്ങനെ?" എന്നാണ് രാജീവ് ചന്ദ്രശേഖറിന്‍റെ പ്രതികരണം.
നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ കേരളത്തിന് വൈമനസ്യമാണെന്നും രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു. കേരളം ഒരിക്കലും മത്സരക്ഷമമാകാന്‍ താത്പര്യം കാണിച്ചിട്ടില്ല. അലസ സമീപനമാണ് സ്വീകരിച്ചത്. മറ്റ് സംസ്ഥാനങ്ങള്‍ മുന്നേറിക്കോട്ടെ എന്നാണ് നിലപാട്. കിറ്റെക്സ് ഉടമയെ വിമാനം അയച്ച് തെലങ്കാന അവിടേക്ക് ക്ഷണിക്കുന്നു. കേരളത്തിന് വേണ്ടെങ്കില്‍ അവരെ താന്‍ കര്‍ണാടകയിലേക്ക് ക്ഷണിക്കും. തൊഴില്‍ സൃഷ്ടിക്കാന്‍ കഴിയുന്ന ഏത് സംരംഭകനെയും നിലനിര്‍ത്തേണ്ടത് അനിവാര്യമാണ്. കേരളത്തിന്‍റെ രാഷ്ട്രീയം നിക്ഷേപത്തിന്‍റെ രാഷ്ട്രീയവും തൊഴില്‍ സൃഷ്ടിക്കലിന്‍റെ രാഷ്ട്രീയവുമായി മാറണം. കേരളത്തിലെ ഇത്തരം രാഷ്ട്രീയത്തിന് പ്രചോദനമായ ചൈനക്കാര്‍ പോലും മാറിയെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ഇന്ത്യ യുവാക്കള്‍ക്ക് അവസരങ്ങളുടെ രാജ്യമാകണമെന്നതാണ് തന്‍റെ നിലപാട്. ഇവിടെത്തന്നെ മെച്ചപ്പെട്ട തൊഴില്‍ ലഭ്യമാകണം. ഇന്ത്യയില്‍ തൊഴില്‍ ലഭ്യമല്ലാത്തതിനാല്‍ വിദേശത്ത് തൊഴില്‍ തേടിപോകേണ്ട അവസ്ഥ ഒഴിവാക്കാന്‍ കഴിയണം. അതിന് ഐടിയും നൈപുണ്യ വികസന മന്ത്രാലയവും വളരെ പ്രധാപ്പെട്ടവയാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
സാമൂഹ്യ മാധ്യമങ്ങളെ നിയന്ത്രിക്കാനായി കൊണ്ടുവന്ന നിയമങ്ങള്‍ സംബന്ധിച്ച വിവാദങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് സാധാരണനിലയില്‍ ഒരു മാധ്യമത്തിന് ബാധകമായ നിയമങ്ങളൊന്നും സാമൂഹ്യ മാധ്യമത്തിന് ബാധകമല്ല എന്ന നില ശരിയാണോ എന്നാണ് മന്ത്രിയുടെ മറുചോദ്യം. ഒരു വ്യക്തിക്ക് അപകീര്‍ത്തികരമായി ഒരു പത്രം വാര്‍ത്ത കൊടുത്താല്‍ ആ വ്യക്തിക്ക് കോടതിയെ സമീപിക്കാം. എന്തുകൊണ്ടാണ് സാമൂഹ്യ മാധ്യമങ്ങള്‍ക്ക് അത് ബാധകമല്ലാത്തത്? സാമൂഹ്യ മാധ്യമങ്ങള്‍ക്ക് എതിരെയുള്ള പരാതികള്‍ പരിഹരിക്കാന്‍ ഒരു സംവിധാനം സൃഷ്ടിക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തതെന്ന് രാജീവ് ചന്ദ്രശേഖര്‍ അവകാശപ്പെട്ടു.