സ്റ്റാലിന്റെ ഭാര്യ ദുർഗയ്ക്കും രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കു ക്ഷണം; അക്ഷതം കൈമാറി സംഘ്പരിവാർ നേതാക്കൾ
ദുർഗ സ്റ്റാലിൻ കഴിഞ്ഞ വർഷം ഗുരുവായൂർ ക്ഷേത്രത്തിലെത്തി 14 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ കിരീടം അർപ്പിച്ചത് വാർത്തയായിരുന്നു
ചെന്നൈ: ജനുവരി 22ന് അയോധ്യയിൽ നടക്കുന്ന രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ചടങ്ങിലേക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ ഭാര്യയ്ക്കും ക്ഷണം. ദുർഗ സ്റ്റാലിനെ ആർ.എസ്.എസ്-വി.എച്ച്.പി നേതാക്കൾ ചെന്നൈയിലെ വസതിയിലെത്തി ഔദ്യോഗികമായി ക്ഷണിക്കുകയായിരുന്നു.
വി.എച്ച്.പിയുടെയും ആർ.എസ്.എസ്സിന്റെയും തമിഴ്‌നാട് സംസ്ഥാന നേതാക്കളാണ് അവരെ സന്ദർശിച്ചത്. അക്ഷതവും ഔദ്യോഗിക ക്ഷണവും അവർ ദുർഗയ്ക്കു കൈമാറി. മറ്റൊരവസരത്തിൽ അയോധ്യ സന്ദർശിക്കുമെന്ന് അവർ അറിയിച്ചതായാണു വിവരം.
കഴിഞ്ഞ വർഷം ദുർഗ സ്റ്റാലിൻ ഗുരുവായൂർ ക്ഷേത്രത്തിലെത്തിയത് വാർത്തയായിരുന്നു. 2023 ആഗസ്റ്റിലാണ് അവർ ഗുരുവായൂരിലെത്തി സ്വർണ കിരീടം അർപ്പിച്ചത്. 14 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ കിരീടമായിരുന്നു ഇത്. ഇതിനു പുറമെ ക്ഷേത്രത്തിനായി മറ്റു സംഭാവനകളും നൽകിയാണ് അവർ മടങ്ങിയത്. സഹോദരി ജയന്തിക്കും മറ്റു ബന്ധുക്കൾക്കുമൊപ്പമായിരുന്നു സന്ദർശനം.
അതേസമയം, രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ബി.ജെ.പി ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടു രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുകയാണെന്നാണ് പ്രതിപക്ഷ സഖ്യമായ 'ഇൻഡ്യ' മുന്നണി ആരോപിക്കുന്നത്. ചടങ്ങിലേക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും സോണിയ ഗാന്ധിക്കുമെല്ലാം ക്ഷണമുണ്ടായിരുന്നെങ്കിലും ദിവസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ പോകേണ്ടെന്നു തീരുമാനിക്കുകയായിരുന്നു. സി.പി.എം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സമാജ്‌വാദി പാർട്ടി തലവൻ അഖിലേഷ് യാദവ് തുടങ്ങിയവരെല്ലാം ക്ഷണം നിരസിച്ചിട്ടുണ്ട്.
Summary: Tamil Nadu CM MK Stalin's wife Durga Stalin invited to attend Ram Mandir's 'Pran Pratishtha' ceremony