മോദി ക്യാമ്പിൽ അസ്വാരസ്യം; ഒരു സഖ്യകക്ഷി തങ്ങളുമായി ബന്ധപ്പെട്ടുകഴിഞ്ഞെന്ന് രാഹുൽ ഗാന്ധി

ഭൂരിപക്ഷം നിലനിർത്തി ഭരണം തുടരാൻ മോദി പാടുപെടുമെന്നും രാഹുൽ

Update: 2024-06-18 10:23 GMT
Editor : ദിവ്യ വി | By : Web Desk
Advertising

ന്യൂഡൽഹി: മോദി ക്യാമ്പിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തതായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം പി. ഭൂരിപക്ഷം നിലനിർത്തി ഭരണം തുടരാൻ മോദി പാടുപെടുമെന്നും രാഹുൽ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. കണക്കുകളും നമ്പറുകളും ഏത് നിമിഷവും മാറിമറിയാം. മോദി ക്യാമ്പിൽ വലിയ അതൃപ്തികൾ നിലനിൽക്കുന്നുണ്ട്. അതിന്റെ സൂചനകൾ പുറത്തുവന്നതായും രാഹുൽ പറഞ്ഞു. എൻഡിഎയിലെ ഒരു സഖ്യകക്ഷി തങ്ങളുമായി ബന്ധപ്പെട്ടുകഴിഞ്ഞെന്ന് രാഹുൽ വെളിപ്പെടുത്തി. എന്നാൽ ഈ കക്ഷിയുടെ പേര് അദ്ദേഹം പറഞ്ഞില്ല.

ഇന്ത്യൻ രാഷ്ട്രീയത്തിൽ സുപ്രധാനമായ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. സംഖ്യകൾ വളരെ ദുർബലമാണ്. ചെറിയ അസ്വാരസ്യങ്ങൾ പോലും സർക്കാരിനെ വീഴ്ത്തും. 2024ലെ തെരഞ്ഞെടുപ്പ് ഫലം ബിജെപിയുടെ വിഭജന രാഷ്ട്രീയത്തിനെതിരായ ജനവിധിയാണ്. നിങ്ങൾക്ക് വിദ്വേഷം പരത്താം, ദേഷ്യം പടർത്താം, അതിന്റെ നേട്ടം കൊയ്യാം എന്ന ആശയം ഈ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ ജനത തള്ളിക്കളഞ്ഞുവെന്ന് രാഹുൽ പറഞ്ഞു. മോദിയുടെ വർഗീയ പ്രചാരണങ്ങൾ ബിജെപിക്ക്  വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്. മുസ്ലിംകളെ നുഴഞ്ഞുകയറ്റക്കാരെന്നും കോൺഗ്രസ് അധികാരത്തിലെത്തിയാൽ പാർശ്വവൽകരിക്കപ്പെട്ടവർക്ക് ജോലിയും ക്വാട്ടകളും നൽകുമെന്നും മോദി പ്രസംഗിച്ചു നടന്നു. എന്നാൽ അതൊന്നും ജനം ചെവിക്കൊണ്ടില്ല. 2014ലും 2019 ലും മോദി ചെയ്തതൊന്നും ഇത്തവണ ഏശിയില്ല ഇനി ഏൽക്കുകയുമില്ല. കഴിഞ്ഞ പത്ത് വർഷം അയോധ്യയേക്കുറിച്ച് മാത്രം പറഞ്ഞുകൊണ്ടിരുന്ന പാർട്ടി അയോധ്യയിൽനിന്ന് തുടച്ചുനീക്കപ്പെട്ടെന്നും രാഹുൽ പറഞ്ഞു.

ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇൻഡ്യ സഖ്യം വലിയ മുന്നേറ്റമാണുണ്ടാക്കിയതെന്നും രാഹുൽ പറഞ്ഞു. ഉത്തർപ്രദേശിലെ വിജയവും അദ്ദേഹം എടുത്തു പറഞ്ഞു. 99 സീറ്റുകൾ നേടിയാണ് കോൺഗ്രസ് 15 വർഷത്തിനിടയിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത്. എൻഡിഎ സഖ്യം മൂന്നാം തവണ അധികാരത്തിലേറിയെങ്കിലും ബിജെപി 240 സീറ്റിലേക്ക് കൂപ്പുകുത്തി അവർക്ക് മാജിക് നമ്പർ നേടാനായില്ലെന്നും രാഹുൽ പറഞ്ഞു. 

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News