മോദി ഇന്ന് ലോക്സഭയിലെത്തിയേക്കും; രണ്ടാംദിവസവും കേന്ദ്രത്തിനെതിരെ ആഞ്ഞടിക്കാൻ പ്രതിപക്ഷം

കേന്ദ്രസർക്കാരിനും മണിപ്പൂർ സംസ്ഥാന സർക്കാരിനും എതിരെ അവിശ്വാസപ്രമേയത്തിന്റെ ഒന്നാം ദിനം ശക്തമായ ആരോപണങ്ങളാണ് 'ഇൻഡ്യ' മുന്നണി ഉന്നയിച്ചത്

Update: 2023-08-09 01:54 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡല്‍ഹി: അവിശ്വാസപ്രമേയത്തിന്റെ രണ്ടാം ദിനവും ലോക്സഭയിൽ കേന്ദ്രത്തിനെതിരെ ആഞ്ഞടിക്കാൻ ഒരുങ്ങി പ്രതിപക്ഷം. ആഭ്യന്തരമന്ത്രി അമിത് ഷാ സംസാരിക്കുന്നതിനു പിറകെ സംസാരിക്കാനാണ് രാഹുൽ ഗാന്ധിയുടെ തീരുമാനം. ചർച്ചയുടെ രണ്ടാം ദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സഭയിൽ എത്തിയേക്കും. കേന്ദ്രസർക്കാരിനും മണിപ്പൂർ സംസ്ഥാന സർക്കാരിനും എതിരെ അവിശ്വാസപ്രമേയത്തിന്റെ ഒന്നാം ദിനം ശക്തമായ ആരോപണങ്ങളാണ് 'ഇൻഡ്യ' മുന്നണി ഉന്നയിച്ചത്. മണിപ്പൂർ കലാപം നിയന്ത്രിക്കുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് സംഭവിച്ച വീഴ്ചകൾ പ്രതിപക്ഷ എംപിമാർ എണ്ണി പറഞ്ഞു. ഇതിനുള്ള മറുപടി കൂടി ആയിരിക്കും ഇന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയിൽ നൽകുക.

താൻ നടത്തിയ മണിപ്പൂർ സന്ദർശനത്തിൽ പ്രതിപക്ഷമുന്നയിച്ച വ്യക്തിപരമായ ആരോപണങ്ങൾക്കും അമിത് ഷാ മറുപടി നൽകും. അമിത് ഷാ മുന്നോട്ടുവയ്ക്കുന്ന വാദങ്ങളെ കൂടി ഖണ്ഡിക്കാനാണ് രാഹുൽ ഗാന്ധിയുടെ തീരുമാനം. ഇക്കാരണം കൊണ്ട് തന്നെയാണ് ഇന്നലെ അവിശ്വാസപ്രമേയ ചർച്ചയുടെ തുടക്കം കുറിക്കാനിരുന്ന രാഹുൽഗാന്ധി പിന്മാറിയതും. നാലുമാസത്തെ ഇടവേളയ്ക്ക് ശേഷം പാർലമെൻറിൽ എത്തുന്നതിനുമുൻപ് രാഹുൽഗാന്ധി മണിപ്പൂരിലെത്തി സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തിയിരുന്നു.

ബി.ജെ.പിയുടെ പകയ്ക്ക് കാരണമായ മോദി-അദാനി കൂട്ടുകെട്ട് സംബന്ധിച്ചും രാഹുൽ ഗാന്ധി ഇന്ന് ലോക്സഭയിൽ സംസാരിച്ചേക്കും. മണിപ്പൂരിനൊപ്പം രാജ്യം നേരിടുന്ന പ്രതിസന്ധികൾ കൂടി ചർച്ചയിൽ ഉയർത്തിക്കൊണ്ടു വരികയാണ് പ്രതിപക്ഷം. പ്രധാനമന്ത്രിയും മണിപ്പൂർ മുഖ്യമന്ത്രിയും രാജിവെക്കണമെന്ന് ആവശ്യവും പ്രതിപക്ഷ പാർട്ടികൾ ഉയർത്തുന്നുണ്ട്. പ്രതിപക്ഷാക്രമണം രൂക്ഷമാകുന്നതിനിടെ പ്രധാനമന്ത്രി ഇന്ന് സഭയിലെത്തിയേക്കും എന്നാണ് സൂചന.  വൈകിട്ട് നാലു മണിക്കാണ് അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് പ്രധാനമന്ത്രി ലോക്സഭയിൽ മറുപടി നൽകുക.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News