പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനം: അഫ്ഗാന്‍ വിഷയം ചര്‍ച്ചയാകും
മൂന്ന് ദിവസത്തെ യു.എസ് സന്ദര്‍ശനത്തിനായി നാളെയാണ് പ്രധാനമന്ത്രി അമേരിക്കയിലെത്തുക
മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന അമേരിക്കന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ അമേരിക്കയിലെത്തും. ജോ ബേഡന്‍ അമേരിക്കന്‍ പ്രസിഡണ്ട് സ്ഥാനമേറ്റെടുത്ത ശേഷമുള്ള മോദിയുടെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനമാണിത്. അഫ്ഗാനില്‍ താലിബാന്‍ സര്‍ക്കാര്‍ രൂപവല്‍ക്കരണം നടക്കുന്നതിനിടയിലാണ് നരേന്ദ്ര മോദിയുടെ നിര്‍ണ്ണായക അമേരിക്കന്‍ സന്ദര്‍ശനം. അഫ്ഗാന്‍ വിഷയമടക്കമുള്ള സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ചയാകുമെന്ന് വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ദ്ദന്‍ ശ്രീംഗ്ല പറഞ്ഞു. ക്വാഡ് ഉച്ചകോടിയടക്കം നിര്‍ണ്ണായക യോഗങ്ങളില്‍ പ്രധാനമന്ത്രി പങ്കെടുക്കും.
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായും വൈസ് പ്രസിഡന്റ് കമല ഹാരിസുമായും കൂടിക്കാഴ്ച് നടത്തുന്ന പ്രധാനമന്ത്രി സെപ്റ്റംബർ 25 ന് യു എൻ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്യും. സെപ്റ്റംബര്‍ 23 നാണ് ജോ ബേഡനും പ്രധാനമന്ത്രിയും തമ്മിലുള്ള നിര്‍ണ്ണായക കൂടിക്കാഴ്ച്ച. ആപ്പിൾ സി.ഇ.ഒ. ടിം കുക്ക്, ക്വാഡ് ഉച്ചകോടിക്കെത്തുന്ന ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ, ജപ്പാൻ പ്രധാനമന്ത്രി യോഷിഹിഡെ സുഗ തുടങ്ങിയവരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.