കുട്ടികളുടെ ബുദ്ധി, പുതിയ നാടകം... സഭയിൽ പ്രതിപക്ഷത്തിന് നേരെ മോദിയുടെ പ്രയോഗങ്ങൾ...

ഇത്രയധികം വെറുപ്പ് പടർത്തിയിട്ടും തോൽക്കാനായിരുന്നു ചിലരുടെ വിധിയെന്ന് മോദി

Update: 2024-07-02 13:21 GMT
Advertising

ന്യൂഡൽഹി: ലോക്‌സഭയിൽ രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചർച്ചയിൽ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്നലെ ഭരണപക്ഷത്തിന് നേരെ ആഞ്ഞടിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ കുട്ടികളുടെ മനസ്സുള്ള പക്വതയില്ലാത്തയാൾ എന്നാണ് മോദി പരിഹസിച്ചത്.

തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും വിജയം ആഘോഷിക്കുന്ന കോൺഗ്രസിന് 100ലല്ല, 543ലാണ് 99 കിട്ടിയതെന്നും, രാഹുൽ വിചാരിച്ചാൽ ഒന്നും നടക്കില്ലെന്ന് ജനങ്ങൾക്ക് മനസ്സിലായെന്നും മോദി പരിഹസിച്ചു. ഇത്രയധികം വെറുപ്പ് പടർത്തിയിട്ടും തോൽവി രുചിക്കാനായിരുന്നു ചിലരുടെ വിധിയെന്നായിരുന്നു കോൺഗ്രസിന് നേരെ മോദിയുടെ പരോക്ഷ വിമർശനം.

സഭയിൽ മോദി നടത്തിയ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങൾ...

ലോകത്ത് ജനാധിപത്യപരമായി നടക്കുന്ന ഏറ്റവും വലിയ തെരഞ്ഞെടുപ്പിൽ ജനം ഞങ്ങളെയാണ് തെരഞ്ഞെടുത്തത്. ആ തീരുമാനത്തിൽ ചില ആളുകൾക്കുണ്ടായ വേദന എനിക്ക് മനസ്സിലാകും. എന്തു ചെയ്യാം... ഇത്രയധികം വെറുപ്പ് പടർത്തിയിട്ടും തോൽക്കാനായിരുന്നു ചിലരുടെ വിധി.

ഇന്നലെ സഭയിൽ നടന്നതെന്താണ്? എന്നെ അവിടെ അടിച്ചു, എന്നെ ഇവിടെ അടിച്ചു, അയാൾ അടിച്ചു ഇയാൾ അടിച്ചു എന്നൊക്കെ പറഞ്ഞ് രാഹുൽ ഗാന്ധി ഇവിടെ കരയുകയായിരുന്നു. കുട്ടികളുടെ ബുദ്ധിയുള്ള ഒരാൾക്ക് അങ്ങനെയൊക്കെയേ പെരുമാറാനാകൂ... എങ്ങനെ പെരുമാറണം എന്തൊക്കെ പറയണം എന്നദ്ദേഹത്തിന് നിശ്ചയമില്ല. അദ്ദേഹത്തിനെ രാജ്യത്തിന് നന്നായറിയാം. നിങ്ങളെക്കൊണ്ട് പറ്റില്ല രാഹുൽ എന്ന് ഈ രാജ്യം ഒന്നടങ്കം പറയുകയാണ് അദ്ദേഹത്തോട്. ആളുകളുടെ സിംപതി പിടിച്ചുപറ്റാനുള്ള ശ്രമങ്ങളാണ് അദ്ദേഹം നടത്തുന്നത്.

1984 മുതൽ 10 ലോക്‌സഭാ തെരഞ്ഞെടുപ്പുകളുണ്ടായി. ഇതുവരെ 250 കടക്കാൻ കോൺഗ്രസിനായില്ല. ഇത്തവണ 99 കിട്ടി. അതോ നൂറിലല്ല, 543ൽ. കുട്ടികളുടെ ബുദ്ധിയല്ലേ...

വികസിത ഭാരതമുണ്ടാക്കാൻ പ്രതിജ്ഞയെടുത്തവരാണ് ഞങ്ങൾ. ഏറ്റവുമധികം കൃതാർഥതയോടെ അത് ചെയ്യുകയും ചെയ്യും. 2014ന് മുമ്പ് ആത്മവിശ്വാസം നഷ്ടപ്പെട്ടവരായിരുന്നു ഈ രാജ്യത്തെ ജനങ്ങൾ. ഈ രാജ്യത്ത് ഒരു നേട്ടവുമുണ്ടാകാൻ പോകുന്നില്ല എന്നതായിരുന്നു അവരുടെ സമീപനം. അവർക്കൊന്നിലും വിശ്വാസമില്ലായിരുന്നു, നിരാശാജനകമായിരുന്നു അവരുടെ ജീവിതം. എന്നാൽ ആ സ്ഥിതി മാറ്റാൻ കഴിഞ്ഞ 10 വർഷത്തെ ഭരണത്തിനായി. ഈ രാജ്യത്തിന് അസാധ്യമായതൊന്നുമില്ല എന്ന വിശ്വാസം അവർ നേടി. അല്ലെങ്കിൽ ഞങ്ങളുടെ ഭരണം ആ വിശ്വാസം അവരിൽ തിരിച്ചെത്തിച്ചു.

സഭയിൽ മോദിയുടെ പ്രസംഗത്തിനിടെ മണിപ്പൂരിനെ പറ്റി സംസാരിക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. എന്നാൽ ഭാരത് ജോഡോ മുദ്രാവാക്യമുയർത്തി പ്രതിഷേധിച്ച പ്രതിപക്ഷത്തെ സ്പീക്കർ ഓം ബിർള താക്കീത് ചെയ്തു

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News