യു.പി ബി.ജെ.പിയെ ഞെട്ടിച്ച് വീണ്ടും രാജി; രാജിവെച്ച എം.എല്‍.എമാരുടെ എണ്ണം 7 ആയി

ഷിഖോഹാബാദ് എം.എല്‍.എ മുകേഷ് വര്‍മയാണ് ഇന്ന് രാജി വെച്ചത്

Update: 2022-01-13 06:25 GMT
Advertising

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയെ പ്രതിസന്ധിയിലാക്കി എം.എല്‍.എമാരുടെ രാജി തുടരുന്നു. ഷിഖോഹാബാദ് എം.എല്‍.എ മുകേഷ് വര്‍മയാണ് ഇന്ന് രാജി വെച്ചത്. രണ്ട് ദിവസത്തിനിടെ രാജിവെച്ചത് ഏഴ് എം.എല്‍.എമാരാണ്. ഇവരില്‍ രണ്ട് മന്ത്രിമാരുമുണ്ട്.

യോഗി സർക്കാർ ഉത്തർപ്രദേശിലെ പിന്നാക്ക - ന്യൂനപക്ഷ സമുദായങ്ങൾ, കർഷകർ, തൊഴിൽരഹിതർ എന്നിവരെ അവഗണിക്കുകയാണെന്ന് മുകേഷ് വർമ ​​ആരോപിച്ചു- "ബി.ജെ.പി സർക്കാരിന്റെ അഞ്ച് വർഷത്തെ ഭരണകാലത്ത് ദലിത്, പിന്നാക്ക, ന്യൂനപക്ഷ സമുദായങ്ങളിലെ നേതാക്കന്മാർക്കും ജനപ്രതിനിധികൾക്കും ഒരു പരിഗണനയും നൽകിയില്ല. ഈ സമുദായങ്ങൾ അവഗണിക്കപ്പെട്ടു. അതിനാൽ ഞാൻ ബി.ജെ.പിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെയ്ക്കുന്നു"- മുകേഷ് വര്‍മ ട്വീറ്റ് ചെയ്തു.

രാജിവെച്ചവരില്‍ രണ്ട് മന്ത്രിമാരും

തൊഴില്‍ മന്ത്രിയായിരുന്ന സ്വാമി പ്രസാദ് മൗര്യ മന്ത്രിസഭയിൽ നിന്ന് രാജിവെച്ചതോടെയാണ് യു.പി ബി.ജെ.പിയിലെ കൊഴിഞ്ഞുപോക്ക് തുടങ്ങിയത്. കൂടുതൽ മന്ത്രിമാരും എം.എൽ.എമാരും തനിക്കു പിന്നാലെ പാർട്ടി വിടുമെന്ന് മൗര്യ പറയുകയുണ്ടായി. യു.പി ഗവർണർ ആനന്ദിബെൻ പട്ടേലിന് നൽകിയ രാജിക്കത്തിൽ സ്വാമി പ്രസാദ് മൗര്യ വ്യക്തമാക്കിയതിങ്ങനെ- "തൊഴിൽ മന്ത്രിയെന്ന നിലയിൽ പ്രതികൂല സാഹചര്യങ്ങളില്‍ പോലും ഞാൻ ഉത്തരവാദിത്വം വളരെ ഏകാഗ്രതയോടെ നിർവഹിച്ചു, എന്നാൽ ഞാൻ മന്ത്രിസഭയിൽ നിന്ന് രാജിവയ്ക്കുകയാണ്. ദലിതർ, പിന്നാക്കക്കാർ, കർഷകർ, തൊഴിൽരഹിതരായ യുവാക്കൾ, ചെറുകിട ഇടത്തരം വ്യാപാരികൾ എന്നിവരോടുള്ള അവഗണനയില്‍ പ്രതിഷേധിച്ചാണ് രാജി".

ഇന്നലെ വനം, വകുപ്പ് മന്ത്രി ദാര സിങ് ചൌഹാന്‍ രാജി വെച്ചു. പിന്നാക്ക വിഭാഗങ്ങളോടുള്ള അവഗണനയില്‍ പ്രതിഷേധിച്ചാണ് രാജി എന്നാണ് അദ്ദേഹവും പറഞ്ഞത്. ഒ.ബി.സി വിഭാഗത്തോട് യോഗി സർക്കാർ നീതി പുലർത്തിയില്ലെന്ന് ദാരാ സിംഗ് ചൗഹാൻ ആരോപിച്ചു. റോഷൻ ലാൽ വർമ, ബ്രിജേഷ് പ്രജാപതി, ഭാഗവതി സാഗർ, വിനയ് ശാഖ്യ എന്നിവരാണ് ഇതിനകം ബി.ജെ.പി വിട്ട എം.എല്‍.എമാര്‍.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News