മണിപ്പൂരില്‍ സമാധാനദൂതുമായി സാദിഖലി തങ്ങളുടെ നേതൃത്വത്തിൽ ലീഗ് സംഘം

മണിപ്പൂർ സംഘർഷം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട ഹരജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

Update: 2023-07-11 02:01 GMT
Editor : Shaheer | By : Web Desk

സാദിഖലി തങ്ങളുടെ നേതൃത്വത്തില്‍ ലീഗ് സംഘം അഭയാര്‍ത്ഥി ക്യാംപ് സന്ദര്‍ശിക്കുന്നു

Advertising

ഇംഫാല്‍: പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ മുസ്‍ലിം ലീഗ് സംഘം മണിപ്പൂരിൽ സന്ദർശനം തുടരുന്നു. എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീർ, പി.വി അബ്ദുൽ വഹാബ്, ഡോ. എം.പി അബ്ദുസ്സമദ് സമദാനി, നവാസ് ഗനി എന്നിവരും ദേശീയ സെക്രട്ടറി ഖുർറം അനീസ് ഉമറും സംഘത്തിലുണ്ട്. അതേസമയം, മണിപ്പൂർ സംഘർഷം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും.

സംഘർഷബാധിത പ്രദേശങ്ങൾ സന്ദർശിച്ച ലീഗ് നേതാക്കൾ മണിപ്പൂർ ഗവർണർ അനുസൂയ യുക്കിയയുമായും ആർച്ച് ബിഷപ്പ് ഡൊമനിക് ലുമോനുമായും കൂടിക്കാഴ്ച നടത്തി. ഏറെ വേദനാജനകമായ കാഴ്ചകളാണ് ക്യാംപുകളില്‍ കണ്ടതെന്നും സ്ത്രീകളും കുട്ടികളുമെല്ലാം അങ്ങേയറ്റം ശോചനീയമായ അവസ്ഥയിലാണ് കഴിയുന്നതെന്നും സംഘം പറഞ്ഞു.

ഞായറാഴ്ച ഉച്ചയ്ക്കാണ് മുസ്‌ലിം ലീഗ് നേതാക്കൾ ഇംഫാലിൽ വിമാനമിറങ്ങിയത്. ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച സംഘം അഭയാർത്ഥികളുടെ ദുരിതജീവിതം നേരിൽക്കാണുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തു. മാസങ്ങളായി അനുഭവിക്കുന്ന വേദനകൾ കരച്ചിലോടെയാണ് ക്യാംപിലെ കുടുംബാംഗങ്ങൾ സംഘത്തിനുമുന്നില്‍ വിശദീകരിച്ചത്. അഭയാർത്ഥി ബാഹുല്യം കൊണ്ട് ദുസ്സഹമായ അവസ്ഥയിലാണ് ക്യാമ്പുകൾ. നെയ്ത്ത് പോലുള്ള ചെറിയ ജോലികൾ ചെയ്താണ് അവർ നിത്യജീവിതം പുലര്‍ത്തുന്നത്. ഭക്ഷണം, ശുദ്ധജലം എന്നിവയ്‍ക്കെല്ലാം പ്രയാസപ്പെടുകയാണ്. ക്യാംപിലെ ജീവിതം അവസാനിച്ചാലും മടങ്ങിപ്പോകാൻ വീടും കുടുംബവും ബാക്കിയില്ലാത്തവരുണ്ട്. ഉറ്റവരെ നഷ്ടപ്പെട്ടവർ. വീട് കത്തിച്ചാമ്പലായവർ. ജീവിത ദുരിതങ്ങളെക്കുറിച്ച് പറയുമ്പോൾ അവരിൽ പലരും പൊട്ടിക്കരഞ്ഞു.

 ക്യാംപുകൾ സന്ദർശിച്ച ശേഷം സാദിഖലി തങ്ങളും സംഘവും കടന്നുചെന്നത് ഇംഫാലിലെ ബിഷപ്പ് ഹൗസിലേക്കാണ്. ആർച്ച് ബിഷപ്പ് ഡൊമിനിക് ലുമോനുമായി ഒന്നര മണിക്കൂറോളം നേതാക്കൾ ചർച്ച നടത്തി. എല്ലാവരെയും ഒന്നിപ്പിക്കാനും സ്‌നേഹത്തിന്റെയും സഹജീവിതത്തിന്റെയും പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്താനും എല്ലാവിധ സഹായവും നൽകുമെന്ന് സാദിഖലി തങ്ങൾ അദ്ദേഹത്തോട് പറഞ്ഞു.

പിന്നീട് മണിപ്പൂർ ഗവർണർ അനുസൂയ യുക്കിയുമായി സംഘം കൂടിക്കാഴ്ച നടത്തി. ഗവർണർ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെയും സംഘത്തെയും ഷാളണിയിച്ച് സ്വീകരിച്ചു. ദുരിതബാധിതരെ നിയമപരായി സഹായിക്കേണ്ടത് സംബന്ധിച്ചും സംഘർഷം അവസാനിപ്പിക്കാനുള്ള മാർഗങ്ങളെക്കുറിച്ചും ലീഗ് സംഘം ഗവർണറുമായി സംസാരിച്ചു. മണിപ്പൂർ സന്ദർശനത്തിന്റെ ഭാഗമായി സംഘം സംസ്ഥാനത്തെ പ്രധാന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും.

Full View

അതേസമയം, മണിപ്പൂർ സംഘർഷം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട ഹരജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. സർക്കാർ ഇന്നലെ കോടതിയിൽ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സർക്കാർ സ്പോണ്സർ ചെയ്ത ആക്രമണമാണ് മണിപ്പൂരിൽ നടക്കുന്നതെന്ന് ട്രൈബൽ ഫോറത്തിന് വേണ്ടി ഹാജരായ ഗോൺസാൽവസ് വാദിച്ചു. ക്രമസമാധാനം തെരെഞ്ഞെടുക്കപ്പെട്ട സർക്കാരാണ് ശ്രദ്ധിക്കേണ്ടതെന്ന് വ്യക്തമാക്കിയ സുപ്രിംകോടതി, പരിഹാരമാർഗങ്ങളാണ് ആരാഞ്ഞത്. അക്രമികളെ അറസ്റ്റ് ചെയ്യണമെന്ന് കുക്കി വിഭാഗത്തിന്റെ സംഘടനയായ ട്രൈബൽ ഫോറം ആവശ്യപ്പെട്ടു. ഇന്റർനെറ്റ് വിലക്ക് പിൻവലിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ സർക്കാർ സുപ്രിംകോടതിയിൽ എത്തിയിട്ടുണ്ട്. എല്ലാ ഹരജികളും ഒരുമിച്ചു പരിഗണിക്കുമെന്നാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ഇന്നലെ വ്യക്തമാക്കിയത്.

Summary: The Muslim League team led by Panakkad Sadiqali Shihab Thangal continues to visit the conflict-affected areas of Manipur as the Supreme Court will hear the petitions related to the conflict today

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News