300 രൂപ സ്‌കോളർഷിപ്പിന് 500 രൂപയുടെ കട്ടൗട്ടോ? എയറിലായി യോഗി ആദിത്യനാഥ്
ഇത്രയും തുക കൊടുത്ത് യോഗിജി കുട്ടികളെ നശിപ്പിക്കരുതെന്ന് കോൺഗ്രസ് ഇൻസ്റ്റാഗ്രാം പേജ്
യുപി: വിദ്യാർഥികൾക്ക് സംസ്‌കൃത പഠനത്തിനായി സ്‌കോളർഷിപ്പുകൾ നൽകി ട്രോളുകൾ ഏറ്റുവാങ്ങിയിരിക്കുകയാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 69,195 വിദ്യാർഥികൾക്കായി 586 ലക്ഷത്തോളം രൂപയുടെ സംസ്‌കൃത സ്‌കോളർഷിപ്പ് വിതരണം ചെയ്യുന്ന പദ്ധതി കഴിഞ്ഞ ദിവസമാണ് യുപി മുഖ്യമന്ത്രി വാരണസിയിൽ ഉദ്ഘാടനം ചെയ്തത്.
ഒരു വിദ്യാർഥിക്ക് 300 മുതൽ 900 രൂപ വരെയാണ് സ്‌കോളർഷിപ്പ് വഴി തുക അനുവദിക്കുന്നത്. എന്നാൽ സ്‌കോളർഷിപ്പോ, തുകയോ അല്ല സംഭവത്തെ വൈറലാക്കിയിരിക്കുന്നത്. സ്‌കോളർഷിപ്പ് തുകയ്ക്കായി നൽകുന്ന ചെക്കിന്റെ വലിപ്പമാണ്.
300 രൂപയ്ക്കായി കൊടുക്കുന്ന ചെക്ക് കട്ടൗട്ടുണ്ടാക്കാൻ 300 രൂപയേക്കാൾ ചെലവുണ്ടാകുമെന്നാണ് സമൂഹമാധ്യമങ്ങളിൽ ട്രോളുകൾക്ക് വഴിവെച്ചിരിക്കുന്നത്.
സംഭവം വൈറലായതോടെ വൻ വിമർശനമാണ് പദ്ധതിയുടെ സംഘാടകർക്കെതിരെയും യോഗി ആദ്യത്യനാഥിനെതിരെയും സമൂഹമാധ്യമങ്ങളിൽ ഉയർന്നുകൊണ്ടിരിക്കുന്നത്. പൊതുജനങ്ങളുടെ പണം പബ്ലിസിറ്റിക്കായി ഉപയോഗിക്കുകയാണ് യോഗി സർക്കാർ എന്നതാണ് പ്രധാനമായും ഉയരുന്ന വിമർശനം.
'കൊട്ടിഘോഷിക്കപ്പെട്ട് നടത്തിയ പദ്ധതിയിൽ നിന്നും കുറച്ചുകൂടി സത്യസന്ധത പ്രതീക്ഷിച്ചിരുന്നെന്നും, ഇത്രയുമധികം പണം കൊടുത്ത് യോഗിജി കുട്ടികളെ നശിപ്പിക്കരുതെന്നും' മറ്റൊരാൾ തമാശരൂപേണ എക്‌സിൽ കുറിച്ചു.
300 രൂപയുടെ ചെക്ക് കൊടുക്കാൻ നാലുപേരാണ് ചെക്കിൽ കൈവെച്ചിരിക്കുന്നതെന്ന് മറ്റൊരാൾ കണ്ടെത്തി.
'ഇത്രയും തുക കൊടുത്താൽ കുട്ടികൾ എന്ത് ചെയ്യും' എന്ന് പരിഹാസ അടിക്കുറിപ്പെഴുതി കോൺഗ്രസിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിലും വീഡിയോ പങ്കുവെച്ചിട്ടുണ്ട്.