'ഞങ്ങളുടെ നേർക്ക് വരേണ്ട, തീർത്തുകളയും': പപ്പു യാദവ് എംപിക്ക് ലോറൻസ് ബിഷ്‌ണോയി സംഘത്തിന്റെ ഭീഷണി

പലതവണ ഭീഷണി ഫോൺ കോളുകൾ വന്നതായ് വ്യക്തമാക്കിയ പപ്പുയാദവ്, ഇസെഡ് കാറ്റഗറി സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു

Update: 2024-10-28 11:46 GMT
Editor : rishad | By : Web Desk
Advertising

പറ്റ്‌ന: പുർണിയ എംപി പപ്പുയാദവിന് ലോറൻസ് ബിഷ്‌ണോയ് അധോലോക സംഘത്തിൽ നിന്നും ഭീഷണി. ഞങ്ങളുടെ നേർക്ക് വന്നാൽ തീർത്തുകളയുമെന്നാണ് ലോറൻസ് ബിഷ്‌ണോയ് സംഘം ഭീഷണി മുഴക്കിയിരിക്കുന്നത്.

പലതവണ തനിക്ക് ഭീഷണി ഫോൺകോളുകൾ വന്നതായി പപ്പുയാദവ് പറഞ്ഞു. ഇതു സംബന്ധിച്ച പരാതി അദ്ദേഹം പൊലീസിൽ നൽകി. മതിയായ സുരക്ഷയൊരുക്കണമെന്നും അദ്ദേഹം സംസ്ഥാന- കേന്ദ്ര സർക്കാറുകളോട് ആവശ്യപ്പെട്ടു. നിയമം അനുവദിക്കുകയാണെങ്കിൽ ലോറൻസ് ബിഷ്‌ണോയ് സംഘത്തിൻ്റെ ശൃംഖല 24 മണിക്കൂറിനുള്ളിൽ അവസാനിപ്പിക്കുമെന്ന് പപ്പു യാദവ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പപ്പു യാദവിനെതിരെ ഭീഷണി സന്ദേശങ്ങള്‍ വരുന്നത് എന്നും ശ്രദ്ധേയമാണ്. മുംബൈയിൽ എൻസിപി നേതാവ് ബാബ സിദ്ദീഖി കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലായിരുന്നു പപ്പു യാദവിന്റെ പ്രസ്താവന.

''ജയിലിൽ ഇരുന്നുകൊണ്ടൊരു കുറ്റവാളി വെല്ലുവിളിക്കുകയാണ്. ആളുകളെ കൊല്ലുന്നു, എല്ലാവരും നിശബ്ദരായി കാണുകയാണ് ഇതൊക്കെ. ആദ്യം മൂസെവാല, പിന്നെ കർണി സേനയുടെ തലവൻ. ഇപ്പോഴിതാ, ഒരു രാഷ്ട്രീയക്കാരൻ. നിയമം അനുവദിച്ചാൽ ലോറൻസ് ബിഷ്ണോയി സംഘത്തെ ഞാൻ അവസാനിപ്പിക്കും'- ഇങ്ങനെയായിരുന്നു പപ്പു യാദവിന്റെ പ്രസ്താവന.

അതേസമയം തനിക്ക് ഇസഡ് കാറ്റഗറി സുരക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു. ലോറൻസ് ബിഷ്‌ണോയി സംഘത്തിൽ നിന്ന് തനിക്ക് ലഭിച്ച ഭീഷണിയുടെ പശ്ചാതലത്തിലാണ് സുരക്ഷ ആവശ്യപ്പെടുന്നതെന്നും പപ്പു യാദവ് ചൂണ്ടിക്കാട്ടി. കത്തിൻ്റെ പകർപ്പ് അദ്ദേഹം ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനും സംസ്ഥാനത്തെ മുതിർന്ന അഡ്മിനിസ്‌ട്രേറ്റീവ്, പൊലീസ് ഉദ്യോഗസ്ഥർക്കും അയച്ചിട്ടുണ്ട്.

ബിഹാറിലെ എല്ലാ ജില്ലകളിലും ഒരു പൊലീസ് സംഘത്തിന്റെ അകമ്പടി ഉണ്ടായിരിക്കണമെന്നും പൊതുയോഗം നടക്കുന്ന സ്ഥലത്ത് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് പപ്പു യാദവ് വിജയിച്ചതെങ്കിലും അദ്ദേഹം കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News