പള്ളിയിൽ കയറുമ്പോൾ ഷൂസഴിക്കാൻ പറഞ്ഞു; യു.പിയിൽ മുസ്‌ലിം യുവാവിനെ പൊലീസ് ക്രൂരമായി മർദിച്ചെന്ന് പരാതി
പൊലീസ് കസ്റ്റഡിയിൽ വച്ച് വടി കൊണ്ട് ശക്തിയായി മർദിച്ചതായി വീഡിയോയിൽ ജുനൈദ് പറയുന്നു.
ലഖ്നൗ: പള്ളിയിൽ കയറിയ ഉദ്യോഗസ്ഥരോട് ഷൂസഴിക്കാൻ അഭ്യർഥിച്ചതിന് മുസ്‌ലിം യുവാവിനെ പൊലീസുകാർ ക്രൂരമായി മർദിച്ചെന്ന് പരാതി. ഉത്തർപ്രദേശിലെ കൗഷംബിയിലെ ദർവേസ്പൂരിലാണ് സംഭവം. ജുനൈദ് ബാബു എന്ന യുവാവിനാണ് മർദനമേറ്റത്. കോഖ്‌രാജ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് മർദിച്ചതെന്ന് ഇരയായ യുവാവ് പറഞ്ഞു.
പൊലീസ് മർദനത്തെ കുറിച്ച് യുവാവ് പറയുന്ന വീഡിയോ സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. ബാങ്ക് വിളിക്കുള്ള പള്ളിയുടെ ഉച്ചഭാഷിണി നീക്കം ചെയ്യാൻ വന്ന പൊലീസ് ഉദ്യോഗസ്ഥർ ഷൂസ് ധരിച്ച് പള്ളിയിൽ പ്രവേശിക്കാൻ ശ്രമിച്ചുവെന്ന് ജുനൈദ് വീഡിയോയിൽ പറയുന്നു.
ഇത് കണ്ട ജുനൈദ്, ഷൂസ് അഴിച്ചുവച്ച് കയറാൻ അഭ്യർഥിച്ചെങ്കിലും പൊലീസുകാർ അത് ശ്രദ്ധിക്കാതെ ലൗഡ് സ്പീക്കർ നീക്കം ചെയ്യാനായി മുന്നോട്ടുനീങ്ങി. ജുനൈദിന്റെ ആവർത്തിച്ചുള്ള അഭ്യർഥനയിൽ രോഷാകുലരായ പൊലീസുകാർ മടങ്ങിയെത്തിയപ്പോൾ അദ്ദേഹത്തിനു നേരെ തിരിയുകയും, 'നീ കൂടുതൽ സംസാരിക്കരുത്' എന്ന് പറഞ്ഞ് പൊലീസ് ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു.
പൊലീസ് കസ്റ്റഡിയിൽ വച്ച് വടി കൊണ്ട് ശക്തിയായി മർദിച്ചതായി വീഡിയോയിൽ ജുനൈദ് പറയുന്നു. തന്റെ കൈകളിലും ചെവിയിലുമുൾപ്പെടെ ശരീരമാകെ പരിക്കേറ്റിട്ടുണ്ടെന്ന് ജുനൈദ് പറഞ്ഞു. വീഡിയോയിൽ ജുനൈദിന്റെ ശരീരത്തിൽ അടിയേറ്റ രീതിയിലുള്ള പാടുകൾ കാണാം. 'മർദിക്കുന്നതിനിടെ, ജയിലിലടയ്ക്കുമെന്ന് അവർ ഭീഷണിപ്പെടുത്തുകയും ചെയ്തു. അവിടെ നിന്ന് പുറത്തുവിടുന്നതിന് മുമ്പ് അവർ തന്റെ വീഡിയോ പകർത്തുകയും ചെയ്തു'- ജുനൈദ് വിശദമാക്കി.
അതേസമയം, ജുനൈദിന്റെ ആരോപണങ്ങൾ നിഷേധിച്ച് കോഖ്‌രാജ് പൊലീസ് ഇൻസ്പെക്ടർ കെ മൗര്യ രംഗത്തെത്തി. ജുനൈദ് പൊലീസിനെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് പറഞ്ഞ ഇൻസ്പെക്ടർ, തങ്ങൾ എല്ലാ മതത്തെയും ബഹുമാനിക്കുന്നതായും എല്ലാവരേയും ഒരുപോലെയാണ് കാണുന്നതെന്നും അവകാശപ്പെട്ടു.
'ലൗഡ്സ്പീക്കർ നീക്കാനാണ് പൊലീസ് ഉദ്യോഗസ്ഥർ പള്ളിയിലെത്തിയത്. അവ നീക്കാൻ ഞങ്ങൾ ജുനൈദിനോട് വളരെ മയത്തിലാണ് പറഞ്ഞത്. പൊലീസ് ഷൂസിട്ട് പള്ളിയിൽ കയറിയിട്ടില്ല. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്'- ഉദ്യോഗസ്ഥൻ പറഞ്ഞു.
എന്നാൽ, ജുനൈദിന്റെ ശരീരത്തിലെ പരിക്കുകളെ കുറിച്ച് ചോദിച്ചപ്പോൾ, അത് ലൗഡ്സ്പീക്കർ താഴെയിറക്കാൻ ശ്രമിക്കുന്നതിനിടെ താഴെവീണപ്പോൾ സംഭവിച്ചതാണെന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്റെ വാദം. ജുനൈദിന്റെ പരാതി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും സത്യം പുറത്തുകൊണ്ടുവരുമെന്നും മൗര്യ പറഞ്ഞു.
'ഗ്രാമത്തിൽ നിന്നുള്ള മൂന്ന് ഹിന്ദു യുവാക്കൾ പൊലീസ് സ്റ്റേഷനിൽ വന്ന് ഉച്ചഭാഷിണിയെക്കുറിച്ച് പരാതിപ്പെട്ടിരുന്നു. അധികാരികളിൽ നിന്ന് ഞങ്ങൾക്ക് ഉത്തരവുകൾ ലഭിച്ചിട്ടുള്ളതിനാൽ നടപടിയെടുക്കാൻ നിർബന്ധിതരാകുന്നു'- ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.