2024ലെ തെരഞ്ഞെടുപ്പിനു ശേഷം നരേന്ദ്ര മോദി പ്രധാനമന്ത്രിയാകില്ല: ശരത് പവാര്‍
പല സംസ്ഥാനങ്ങളിലും അധികാരത്തില്‍ ഇല്ലാത്തതിനാൽ 2024ലെ തെരഞ്ഞെടുപ്പ് ബി.ജെ.പിക്ക് അനുകൂലമാകില്ലെന്ന് ശരത് പവാര്‍
മുംബൈ: 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിൽ തിരിച്ചെത്തില്ലെന്ന് എന്‍.സി.പി അധ്യക്ഷൻ ശരത് പവാർ. താന്‍ അനന്തരവന്‍ അജിത് പവാറിനെ പിന്തുടര്‍ന്ന് ബി.ജെ.പി സഖ്യത്തിലെത്തുമെന്ന അഭ്യൂഹം ശരിയല്ല. ബി.ജെ.പിയുമായി സഖ്യത്തിനില്ലെന്നും 2024ല്‍ മാറ്റത്തിനായി പ്രവർത്തിക്കുമെന്നും ശരത് പവാര്‍ വ്യക്തമാക്കി.
ബി.ജെ.പിക്കെതിരെ പോരാടാനും എൻ.ഡി.എക്ക് ബദലാവാനും പ്രതിപക്ഷ സഖ്യമായ ഇന്‍ഡ്യ ഒരുമിച്ചിരിക്കുകയാണെന്ന് ശരത് പവാര്‍ പറഞ്ഞു- "ഞങ്ങൾ പോരാടും. ഒറ്റക്കെട്ടായി നിൽക്കുകയും പൊതുഅഭിപ്രായത്തില്‍ എത്തുകയും ചെയ്യും. ചെങ്കോട്ടയിലെ പ്രസംഗത്തിനിടെ, താൻ വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് നരേന്ദ്ര മോദി പറഞ്ഞുകൊണ്ടിരുന്നു. മോദി പ്രധാനമന്ത്രിയായി തിരിച്ചുവരില്ലെന്ന കാര്യത്തിൽ എനിക്ക് സംശയമില്ല. രാജ്യത്തെ സ്ഥിതി വ്യത്യസ്തമാണ്. പല സംസ്ഥാനങ്ങളിലും അധികാരത്തില്‍ ഇല്ലാത്തതിനാൽ 2024ലെ തെരഞ്ഞെടുപ്പ് ബി.ജെ.പിക്ക് അനുകൂലമാകില്ല".
മണിപ്പൂരിലെ അക്രമം അവസാനിപ്പിക്കാൻ സമയം ചെലവഴിക്കാത്തതിന് ശരത് പവാർ നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ചു- "ചൈനയുമായി സാമീപ്യം ഉള്ളതിനാൽ വടക്കുകിഴക്ക് സെൻസിറ്റീവ് ആണ്. മണിപ്പൂരിലെ സംഭവവികാസങ്ങളില്‍ സർക്കാർ മൂകസാക്ഷിയാണ്. പാർലമെന്‍റിനകത്തും പുറത്തും പ്രധാനമന്ത്രി ഏതാനും മിനിറ്റുകൾ മാത്രമാണ് സംസാരിച്ചത്. മണിപ്പൂരിലെ ജനങ്ങൾക്ക് ആത്മവിശ്വാസം നൽകാന്‍ മോദി പോവണമായിരുന്നു. പക്ഷേ അത് പ്രധാനമാണെന്ന് അദ്ദേഹം കരുതുന്നില്ല. മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെ അഭിസംബോധന ചെയ്യാനാണ് അദ്ദേഹം പോയതെന്നും ശരത് പവാർ വിമര്‍ശിച്ചു.
അതേസമയം മഹാരാഷ്ട്ര മുഖ്യമന്ത്രിയാകണമെന്ന അജിത് പവാറിന്‍റെ സ്വപ്നം പൂവണിയണമെങ്കില്‍ അമ്മാവന്‍ ശരത് പവാറിനെ എന്‍.ഡി.എ പാളയത്തിലെത്തിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞെന്ന് ആരോപണമുയര്‍ന്നു. പ്രതിപക്ഷ നേതാവ് വിജയ് വഡേത്തിവാറാണ് ഇക്കാര്യം പറഞ്ഞത്. അനന്തരവനും അമ്മാവനും തമ്മിലുള്ള കൂടിക്കാഴ്ചകളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കോൺഗ്രസ് നേതാവ്. അജിത് പവാര്‍ ശരത് പവാറുമായി നിരന്തരം കൂടിക്കാഴ്ച നടത്താന്‍ കാരണം ഇതാണെന്ന് വിജയ് വഡേത്തിവാര്‍ പറഞ്ഞു.
"അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ചൊല്ലി ബി.ജെ.പി ആശങ്കയിലാണ്. രണ്ട് പാർട്ടികൾ പിളർന്നിട്ടും അവര്‍ തൃപ്തരായില്ല. അതിനാൽ എൻ.സി.പി സ്ഥാപക നേതാവിനെ തങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്താൻ അവര്‍ ആഗ്രഹിക്കുന്നു. രാജ്യത്ത് വന്‍ ജനപിന്തുണയുള്ള വലിയ നേതാക്കളിൽ ഒരാളാണ് അദ്ദേഹം എന്ന് അവർക്കറിയാം. ഒരു വലിയ ബഹുജന അഭ്യർത്ഥന. അതിനാൽ അവർക്ക് വിജയിക്കാന്‍ അദ്ദേഹത്തിന്റെ പിന്തുണ ആവശ്യമാണ്"- പ്രതിപക്ഷ നേതാവ് പറഞ്ഞു.
എൻ.സി.പി അധ്യക്ഷൻ ശരത് പവാര്‍ ഒടുവിൽ ബി.ജെ.പിക്കൊപ്പം കൈകോര്‍ത്താല്‍ കോണ്‍ഗ്രസിന് മുന്നില്‍ പദ്ധതികളുണ്ടോ എന്ന ചോദ്യത്തിന് പ്രതിപക്ഷ നേതാവിന്‍റെ മറുപടിയിങ്ങനെ- "കോൺഗ്രസ് ദേശീയ പാർട്ടിയായതിനാൽ എപ്പോഴും നിരവധി പദ്ധതികൾ തയ്യാറാണ്".
Summary- Prime Minister Narendra Modi will not return to power after the 2024 Lok Sabha polls, Nationalist Congress Party president Sharad Pawar has said.