പാഠ്യപദ്ധതിയില്‍ അഴിച്ചുപണിക്കൊരുങ്ങി എന്‍.സി.ഇ.ആര്‍.ടി; 19 അംഗ സമിതി രൂപീകരിച്ചു
ദേശീയ വിദ്യാഭ്യാസ നയത്തിനനുസരിച്ച് പാഠ്യക്രമം തയ്യാറാക്കുകയാണ് ലക്ഷ്യം
ഡല്‍ഹി: പാഠ്യപദ്ധതിയില്‍ അഴിച്ചുപണിക്കൊരുങ്ങി എന്‍.സി.ഇ.ആര്‍.ടി. 3 മുതല്‍ 12 വരെ ക്ലാസുകളിലെ പാഠപുസ്തക പരിഷ്കരണത്തിന് 19 അംഗ സമിതിയെ നിയോഗിച്ചു. ദേശീയ വിദ്യാഭ്യാസ നയത്തിനനുസരിച്ച് പാഠ്യക്രമം തയ്യാറാക്കുകയാണ് ലക്ഷ്യം.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷണല്‍ പ്ലാനിങ് ആന്‍റ് അഡ്മിനിസ്ട്രേഷന്‍ ചാന്‍സലര്‍ എം.സി പന്ത് അധ്യക്ഷനായ സമിതിയില്‍ ഇൻഫോസിസ് ഫൗണ്ടേഷൻ ചെയർപേഴ്‌സൺ സുധാ മൂര്‍ത്തി, ആര്‍.എസ്.എസ് അനുബന്ധ സംഘടനയായ സംസ്കൃത ഭാരതിയുടെ സ്ഥാപക അംഗം ചാമു കൃഷ്ണശാസ്ത്രി, ഗായകന്‍ ശങ്കര്‍ മഹാദേവന്‍ തുടങ്ങിയവര്‍ അംഗങ്ങളാണ്. പാഠ്യപുസ്തകങ്ങളും മറ്റ് അധ്യാപന പഠന സാമഗ്രികളും തയ്യാറാക്കുകയാണ് കമ്മിറ്റിയുടെ ചുമതല.
2005ലെ ദേശീയ പാഠ്യപദ്ധതിയെ അടിസ്ഥാനമാക്കിയുള്ളതാണ് നിലവിലെ സ്‌കൂൾ പാഠപുസ്തകങ്ങൾ. എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകങ്ങളില്‍ നിന്ന് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം ഉള്‍പ്പെടെ നിരവധി പാഠഭാഗങ്ങള്‍ നീക്കം ചെയ്തത് നേരത്തെ വിവാദമായിരുന്നു.