നീറ്റ് പി.ജി പരീക്ഷാത്തീയതി അടുത്ത ആഴ്ച പ്രഖ്യാപിക്കുമെന്ന് എൻ.ബി.ഇ
23-ന് നടത്താനിരുന്ന പരീക്ഷ കേന്ദ്ര ആരോഗ്യ മന്ത്രാലയം മാറ്റിവെച്ചിരുന്നു
ന്യൂഡൽഹി: മാറ്റിവെച്ച നീറ്റ് പി.ജി പരീക്ഷയുടെ തിയതി അടുത്ത ആഴ്ച പ്രഖ്യാപിക്കുമെന്ന് നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (എൻ.ബി.ഇ) പ്രസിഡണ്ട് അഭിജത്ത് ഷേത് പറഞ്ഞു.
ജൂൺ 23-ന് നടത്താനിരുന്ന പരീക്ഷ കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് മാറ്റിവെച്ചത്. നീറ്റ് യു.ജി അടക്കമുള്ള പ്രവേശന പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ചയടക്കം വിവാദമായ പശ്ചാത്തിലത്തിലായിരുന്നു നടപടി. നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസിലെ ഉദ്യോഗസ്ഥരും കേന്ദ്ര ആരോഗ്യ മന്ത്രാലയവും തമ്മിൽ നടത്തിയ അവലോകന യോഗത്തിന് ശേഷമാണ് അഭിഷേക് പരീക്ഷ തിയതി അടുത്ത ആഴ്ച പ്രഖ്യാപിക്കുമെന്ന് അറിയിച്ചത്.
‘നീറ്റ് പി.ജി പരീക്ഷക്കെതിരെ പരാതികൾ ഉയർന്നിരുന്നില്ല. എന്നാൽ സമീപ കാലത്തെ വിവാദങ്ങൾ വിദ്യാർത്ഥികളിൽ ആശങ്കയുണ്ടാക്കി. അതിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷ മാറ്റിവെച്ചതെന്ന് അദ്ദേഹം പറഞ്ഞു.