പഞ്ചാബ് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം ഓഫീസിലുണ്ടായ സ്‌ഫോടനം എൻ.ഐ.എ അന്വേഷിച്ചേക്കും
സംഭവവുമായി ബന്ധപ്പെട്ട് 11 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്യും
മൊഹാലി: പഞ്ചാബ് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം ഓഫീസിലുണ്ടായ സ്‌ഫോടനം എൻ.ഐ.എ അന്വേഷിച്ചേക്കും. സ്ഥലത്ത് എൻ.ഐ.എ സംഘം പരിശോധന നടത്തി. സുരക്ഷാ വീഴ്ച പരിശോധിക്കാൻ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിന്റെ നേതൃത്വത്തിൽ ഉന്നതതല സുരക്ഷാ യോഗം ചേർന്നു.
മൊഹാലിയിലെ പൊലീസ് രഹസ്യാന്വേഷണ വിഭാഗം ഓഫീസിന്റെ മൂന്നാം നില കെട്ടിടത്തിൽ ഇന്നലെ രാത്രിയാണ് സ്‌ഫോടനം ഉണ്ടായത്. റോക്കറ്റ് ലോഞ്ചർ ഉപയോഗിച്ചുള്ള ഗ്രേനേഡ് പൊട്ടിത്തെറിച്ചാണ് സ്‌ഫോടനം നടന്നതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ഡി.ജി.പി ഉൾപ്പെടെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്. ആക്രമണത്തിന് പിന്നിൽ തീവ്രവാദ ബന്ധം ഇല്ലെന്നാണ് സർക്കാറിന്റെ വിലയിരുത്തൽ. സംഭവത്തിന് കാരണക്കാരായവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.'പഞ്ചാബിലെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവരെ സംരക്ഷിക്കില്ല. ഡി.ജി.പിയിൽ നിന്ന് റിപ്പോർട്ട് തേടിയിട്ടുണ്ട്. കുറ്റക്കാർക്ക് കർശന ശിക്ഷ നൽകുമെന്നും' മുഖ്യമന്ത്രി പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് 11 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്യും. സ്വിഫ്റ്റ് കാറിലാണ് അക്രമികൾ എത്തിയതെന്ന് പൊലീസിന് വിവരം ലഭിച്ചു. ഈ വാഹനം കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നടക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ പ്രധാന പൊലീസ് സ്റ്റേഷനുകളിലെല്ലാം സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. റോ, ഇന്റലിജൻസ് ആസ്ഥാനത്തും സുരക്ഷ ശക്തമാക്കി.