Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ന്യൂഡല്‍ഹി: രാജ്യത്ത് റോഡ് അപകടങ്ങൾ വർധിച്ചു വരുന്നതായി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. റോഡ് അപകടങ്ങളെക്കുറിച്ച് ചർച്ച നടക്കുന്ന അന്താരാഷ്ട്ര സമ്മേളനങ്ങളിൽ പങ്കെടുക്കാൻ പോകുമ്പോൾ താന്‍ മുഖം മറിച്ച് ഇരിക്കുകയാണ് ചെയ്യാറെന്ന് ഗഡ്കരി പറഞ്ഞു
'ഗതാഗതമന്ത്രിയായി ചുമതലേയറ്റപ്പോള്‍ റോഡകടങ്ങൾ 50 ശതമാനമായി കുറക്കണമെന്ന് തീരുമാനമെടുത്തിരുന്നു. എന്നാൽ അതിന് കഴിഞ്ഞില്ല. അപകടങ്ങളുടെ എണ്ണം കുറയുന്നതിനു പകരം വർധിക്കുകയാണ് ചെയ്തതെന്ന് സമ്മതിക്കാൻ തനിക്ക് മടിയില്ല. ജനങ്ങളുടെ സ്വഭാവത്തിൽ മാറ്റങ്ങൾ വരേണ്ടതുണ്ട്. രാജ്യത്ത് പ്രതിവര്‍ഷം വാഹനാപകടങ്ങളില്‍ 1.78 ലക്ഷം പേര്‍ മരിക്കുന്നുണ്ട്. ഇതിൽ 60 ശതമാനം പേരും 18നും 34വയസ്സിനും ഇടയിലുള്ളവരാണ്' എന്ന് ഗഡ്കരി പറഞ്ഞു. ചോദ്യോത്തര വേളയിൽ അനുബന്ധ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
'എല്ലാവരും നിയമങ്ങൾ പാലിക്കാന്‍ തയ്യാറാവണം. വര്‍ഷങ്ങള്‍ക്ക് മുമ്പ് താനും കുടുംബവും ഒരു വലിയ അപകടത്തില്‍പ്പെട്ടതിന്റെ ഭാഗമായി ഏറെക്കാലം ആശുപത്രിയില്‍ കിടക്കേണ്ടിവന്നു. ദൈവാനുഗ്രഹത്താലാണ് ഞാനും എന്റെ കുടുംബവും രക്ഷപ്പെട്ടത്' എന്ന് മന്ത്രി കൂട്ടിച്ചേർത്തു.
റോഡില്‍ ട്രക്കുകള്‍ പാര്‍ക്ക് ചെയ്യുന്നത് അപകടങ്ങള്‍ക്ക് പ്രധാന കാരണമാണെന്നും പല ട്രക്കുകളും ലെയ്ന്‍ അച്ചടക്കം പാലിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ ബസ് ബോഡികൾ നിർമ്മിക്കുന്നതിൽ അന്താരാഷ്ട്ര നിലവാരം പാലിക്കാൻ ഉത്തരവിട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
റോഡപകട മരണങ്ങളുടെ പട്ടികയില്‍ സംസ്ഥാനങ്ങളില്‍ ഉത്തര്‍പ്രദേശും നഗരങ്ങളില്‍ ഡല്‍ഹിയുമാണ് മുന്നില്‍. ഉത്തര്‍പ്രദേശില്‍ 23,000പേരാണ് റോഡപകടങ്ങളില്‍ മരിച്ചത്. തമിഴ്‌നാട്ടില്‍ ഇത് 18,000വും മഹാരാഷ്ട്രയില്‍ 15,000ലധികവും മധ്യപ്രദേശില്‍ 14,000വും ആണ്. ഡല്‍ഹിയില്‍ 1400 പേരും ബെംഗളൂരവില്‍ 915 പേരും ജയ്പൂരില്‍ 850 പേരും വാഹനാപകടത്തില്‍ മരിച്ചതായി മന്ത്രി ലോക്‌സഭയില്‍ പറഞ്ഞു.