ഒരു പദവിയും ശാശ്വതമല്ല, ഷിഗ്ഗോണിലെ ജനങ്ങള്‍ക്ക് താന്‍ ബസവരാജ് മാത്രമാണ്; സ്ഥാനമൊഴിയുമെന്ന സൂചന നല്‍കി കര്‍ണാടക മുഖ്യമന്ത്രി

ഈ ജീവിതം തന്നെ നശ്വരമാണ്.ഇത്തരമൊരു സാഹചര്യത്തിൽ നമ്മൾ എത്രനാൾ ഇവിടെയുണ്ടാകുമെന്ന് അറിയില്ല

Update: 2021-12-20 04:52 GMT
Editor : Jaisy Thomas | By : Web Desk
Advertising

കര്‍ണാടകയില്‍ നേതൃമാറ്റമുണ്ടായേക്കാമെന്ന സൂചന നല്‍കി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. തന്‍റെ നിയോജകമണ്ഡലമായ ഷിഗ്ഗോണിലെ ബൊമ്മെയുടെ വൈകാരികമായ പ്രസംഗം മുഖ്യമന്ത്രി സ്ഥാനമൊഴിയുമെന്ന സൂചനയാണ് നല്‍കുന്നത്.

''പദവികളും സ്ഥാനങ്ങളും ഉൾപ്പെടെ ഈ ലോകത്ത് ഒന്നും ശാശ്വതമല്ല. ഈ ജീവിതം തന്നെ നശ്വരമാണ്.ഇത്തരമൊരു സാഹചര്യത്തിൽ നമ്മൾ എത്രനാൾ ഇവിടെയുണ്ടാകുമെന്ന് അറിയില്ല. ഈ വസ്തുത ഓരോ നിമിഷവും ഞാൻ തിരിച്ചറിയുന്നു'' ഷിഗ്ഗോണിലെ ജനങ്ങളോട് നന്ദി പ്രകടിപ്പിച്ച ബൊമ്മൈ, താൻ അവർക്ക് ബസവരാജ് മാത്രമാണെന്നും മുഖ്യമന്ത്രിയല്ലെന്നും പറഞ്ഞു. ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ ബെലഗാവി ജില്ലയിലെ കിറ്റൂർ റാണി ചെന്നമ്മയുടെ പ്രതിമ ഉദ്ഘാടനത്തിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രസംഗം.

എനിക്ക് വലിയ കാര്യങ്ങളൊന്നും പറയാനില്ല. നിങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരാൻ എനിക്ക് കഴിയുമെങ്കിൽ എനിക്കതുമതി. നിങ്ങളുടെ സ്നേഹത്തിനും വിശ്വാസത്തിനുമപ്പുറം ഒരു ശക്തിയും ഇല്ലെന്ന് ഞാൻ വിശ്വസിക്കുന്നു.നിങ്ങളോട് വൈകാരികമായി സംസാരിക്കാതിരിക്കാൻ ഞാൻ പരമാവധി ശ്രമിക്കുന്നു, പക്ഷേ നിങ്ങളെ കണ്ടതിന് ശേഷം വികാരങ്ങൾ എന്നെ കീഴടക്കുകയാണ്...ബസവരാജ് പറഞ്ഞു.

കഴിഞ്ഞ ജൂലൈ 28നാണ് കര്‍ണാടക മുഖ്യമന്ത്രിയായി ബസവരാജ് അധികാരമേറ്റെടുത്തത്. കര്‍ണാടകയുടെ 23ാമത് മുഖ്യമന്ത്രിയാണ് ബി.ജെ.പി നേതാവായ ബൊമ്മെ. യെദ്യൂരപ്പ സർക്കാരിൽ ആഭ്യന്തരമന്ത്രിയായിരുന്നു ബസവരാജ് ബൊമ്മെയുടെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിച്ചത് യെദ്യൂരപ്പ തന്നെയായിരുന്നു. ലിംഗായത്ത് നേതാവും യെദ്യൂരപ്പയുടെ വിശ്വസ്തനുമാണ് ബൊമ്മെ. മുന്‍മുഖ്യമന്ത്രി എസ്.ആര്‍ ബൊമ്മയുടെ മകനാണ്. ജനതാദളില്‍ നിന്ന് 2008ലാണ് ബി.ജെ.പിയിലെത്തിയത്. ഹവേരി ജില്ലയിലെ ഷിഗ്ഗോണില്‍ നിന്നും രണ്ടു തവണ എം‌എൽ‌സിയും മൂന്ന് തവണ എം‌എൽ‌എ ആയും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2008ല്‍ യെദ്യൂരപ്പ മന്ത്രിസഭയില്‍ ജലസേചന വകുപ്പ് മന്ത്രിയായിരുന്നു. പിന്നീട് സഹകരണം, പാര്‍ലമെന്‍റി കാര്യം, നിയമ വകുപ്പുകള്‍ തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News