ദാൽ തടാകം മഞ്ഞുകട്ടയായി; അതിശൈത്യത്തിൽ മരവിച്ച് ഉത്തരേന്ത്യ
കശ്മീരില മൈനസ് 4 ഡിഗ്രിക്ക് താഴെ എത്തി. രാജസ്ഥാനിലെ ചുരുവിൽ പൂജ്യം ഡിഗ്രി
ന്യൂഡൽഹി: അതിശൈത്യത്തിൽ മരവിച്ച് ഉത്തരേന്ത്യ. കശ്മീരിൽ താപനില മൈനസ് 4 ഡിഗ്രിക്ക് താഴെ എത്തി. കാഴ്ച പരിധി കുറഞ്ഞത് ഗതാഗതത്തെ പ്രതികൂലമായി ബാധിച്ചു. ശൈത്യ തരംഗം ഈ ആഴ്ച കൂടി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അഞ്ചു ദിവസം കൂടി ശൈത്യ തരംഗം തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
ഡൽഹി, ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിലാണ് സ്ഥിതി ഗുരുതരം. ശക്തമായ മൂടൽ മഞ്ഞിനും കടുത്ത ശീതക്കാറ്റിനും സാധ്യതയുണ്ട്. അതിശൈത്യത്തിൽ ജനജീവിതം ദുസ്സഹമായി. കാഴ്ച പരിതി കുറഞ്ഞതിനെ തുടർന്ന് 25 ൽ അധികം ട്രെയിനുകൾ ഡൽഹിയിൽ നിന്ന് വൈകിയാണ് ഓടുന്നത്.
പഞ്ചാബിലെ പടിഞ്ഞാറൻ ജില്ലകളിൽ കാഴ്ച പരിധി 5 മീറ്ററിൽ താഴെ എത്തി. ഡൽഹിയിൽ ചില മേഖലകളിൽ രാത്രി താപനില മൂന്നു ഡിഗ്രിയായി. ജമ്മു കശ്മീരിലാണ് അതിശൈത്യം ഏറ്റവും കഠിനമായിട്ടുള്ളത്.
കശ്മീരിലെ പ്രശസ്തമായ ദാൽ തടാകം മഞ്ഞുകട്ടയായി. മൂടൽ മഞ്ഞ് വർധിച്ച സാഹചര്യത്തിൽ അതിർത്തികളിൽ സേന സുരക്ഷ ശക്തമാക്കി. പ്രതികൂല കാലാവസ്ഥയിൽ അതിർത്തികൾ വഴിയുള്ള നുഴഞ്ഞ് കയറ്റം തടയുകയാണ് ലക്ഷ്യം. ബീഹാറിലെ പട്‌നയിൽ ഈ മാസം 31 വരെ സ്‌കൂളുകൾക്ക് അവധി നൽകി.