'വൈകിവരാന്‍ ഇത് സിനിമ കമ്പനിയല്ല..'; അനന്യ പാണ്ഡെയ്ക്ക് സമീര്‍ വാങ്കഡെയുടെ ശകാരം
ചോദ്യം ചെയ്യലിനായി മൂന്നു മണിക്കൂര്‍ വൈകിയാണ് അനന്യ എന്‍.സി.ബി ഓഫീസിലെത്തിയത്
മയക്കുമരുന്ന് കേസില്‍ ചോദ്യം ചെയ്യലിനായി, എന്‍.സി.ബി ഓഫീസിലെത്താന്‍ വൈകിയ അനന്യ പണ്ഡെയെ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ ശകാരിച്ചതായി റിപ്പോര്‍ട്ട്. വൈകിയെത്താന്‍ ഇത് സിനിമ കമ്പനിയല്ലെന്നും കേന്ദ്ര ഏജന്‍സിയാണെന്നും സമീര്‍ വാങ്കഡെ പറഞ്ഞതായി എന്‍.സി.ബി വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
ഷാറൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായ, ആഡംബരക്കപ്പലിൽ ലഹരി പാർട്ടി നടത്തിയ കേസുമായി ബന്ധപ്പെട്ടാണ് അനന്യയെ ചോദ്യം ചെയ്യാന്‍ എന്‍.സി.ബി വിളിപ്പിച്ചത്. രാവിലെ 11ന് ഹാജരാകാനായിരുന്നു സമന്‍സ്. എന്നാല്‍, നിര്‍ദേശിച്ച സമയത്തെക്കാള്‍ മൂന്നു മണിക്കൂര്‍ വൈകി, ഉച്ചയ്ക്ക് രണ്ടിനാണ് അനന്യ എന്‍.സി.ബി ഓഫീസിലെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, ഇന്നലെ നാല് മണിക്കൂര്‍ നേരം അനന്യയെ എൻ.സി.ബി ചോദ്യം ചെയ്തു. തിങ്കളാഴ്ച വീണ്ടും ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ആര്യൻ ഖാന്‍റെ ഫോണിലെ രണ്ടുവർഷം പഴക്കമുള്ള വാട്സ്ആപ് ചാറ്റിന്‍റെ അടിസ്ഥാനത്തിലാണ് അനന്യയെ ചോദ്യം ചെയ്യുന്നത്.
താൻ മയക്കുമരുന്ന് ഉപയോഗിക്കാറില്ലെന്നും ആര്യൻ ഖാന് മയക്കുമരുന്ന് നൽകിയിട്ടില്ലെന്നുമാണ് അനന്യ എന്‍.സി.ബിയെ അറിയിച്ചത്. എന്നാല്‍, 2018-19ൽ അനന്യ ആര്യന് ലഹരിമരുന്ന് ഇടപാടുകാരുടെ നമ്പറുകൾ നൽകിയെന്നും മൂന്നുവട്ടം ലഹരി വാങ്ങാൻ സഹായിച്ചെന്നുമാണ് എന്‍.സി.ബി പറയുന്നത്. അനന്യ പാണ്ഡെയുടെ മുംബൈ ബന്ദ്രയിലെ വസതിയിൽ എൻ.സി.ബി റെയ്ഡ് നടത്തിയിരുന്നു. ഇതില്‍ അനന്യയുടെ ഫോണും ലാപ്ടോപ്പും പിടിച്ചെടുത്തു. ഇവ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഒക്ടോബർ മൂന്നിനാണ് ആര്യൻ ഖാനെയും സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തത്. നിലവിൽ ആർതർ റോഡ് ജയിലിലാണ് ആര്യനും സുഹൃത്തുക്കളും. ആര്യന്‍റെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും. കഴിഞ്ഞദിവസം ഷാരൂഖ് ഖാൻ ജയിലിലെത്തി ആര്യനെ കണ്ടിരുന്നു.