ബി.ജെ.പി കടുത്ത വെല്ലുവിളി നേരിടുന്നു; മധ്യപ്രദേശിലും വർഗീയ കലാപങ്ങൾക്ക് സാധ്യതയെന്ന് ദിഗ്‌വിജയ് സിങ്
ബി.ജെ.പിക്കെതിരെ കടുത്ത ജനരോഷം നിലനിൽക്കുന്നതിനാൽ മധ്യപ്രദേശിലും നൂഹിന് സമാനമായ രീതിയിൽ കലാപം നടത്താൻ സാധ്യതയുണ്ടെന്ന് ദിഗ്‌വിജയ് സിങ് പറഞ്ഞു.
ഭോപ്പാൽ: ഭരണകക്ഷിയായ ബി.ജെ.പി കടുത്ത വെല്ലുവിളി നേരിടുന്നതിനാൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് മധ്യപ്രദേശിലും വർഗീയ കലാപങ്ങൾ സാധ്യതയുണ്ടെന്ന് കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്. നൂഹിലേതിന് സമാനമായ കലാപങ്ങൾക്ക് ബി.ജെ.പി മധ്യപ്രദേശിലും പദ്ധതിയിടുന്നുണ്ട്. കാരണം തങ്ങൾക്കെതിരെ വലിയ എതിർപ്പ് നിലനിൽക്കുന്നുണ്ടെന്ന് അവർക്കറിയാം- ദിഗ്‌വിജയ് സിങ് പറഞ്ഞു. കോൺഗ്രസ് അനുകൂല അഭിഭാഷക സംഘടനയുടെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2018 ലെ മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ രാജ്യസഭാംഗമായ വിവേക് തൻഖ ആയിരക്കണക്കിന് അഭിഭാഷകരെ കോൺഗ്രസിനൊപ്പം നിൽക്കാൻ പ്രേരിപ്പിച്ചു. അന്ന് ഞങ്ങൾ സർക്കാർ രൂപീകരിച്ചു. വീണ്ടും ഇപ്പോൾ ധാരാളം അഭിഭാഷകർ ഇവിടെ തടിച്ചുകൂടുന്നു. സംസ്ഥാനത്ത് ഞങ്ങൾ സർക്കാർ രൂപീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ദിഗ്‌വിജയ് സിങ് പറഞ്ഞു. പഞ്ചായത്തുകൾ മുതൽ സംസ്ഥാന ആസ്ഥാനം വരെ എല്ലാ തലത്തിലും അഴിമതി സംസ്ഥാനത്തെ ബാധിച്ചുകൊണ്ടിരിക്കുകയാണെന്ന് ചടങ്ങിൽ സംസാരിച്ച മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ കമൽനാഥ് പറഞ്ഞു.
ഈ വർഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിൽ അധികാരം തിരിച്ചുപിടിക്കാനാവുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. 2018ൽ കോൺഗ്രസ് അധികാരത്തിലെത്തിയെങ്കിലും ജ്യോതിരാധിത്യ സിന്ധ്യയുടെ നേതൃത്വത്തിൽ ഒരു വിഭാഗം ബി.ജെ.പിയിലേക്ക് കൂടുമാറിയതോടെ ഭരണം നഷ്ടപ്പെടുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സിന്ധ്യപക്ഷത്തെ പ്രമുഖ നേതാക്കൾ കോൺഗ്രസിലേക്ക് തിരിച്ചെത്തിയിരുന്നു.