മോദിയുടെ ചായസത്കാരത്തിന് പോകും വഴി ട്രാഫിക് ബ്ലോക്ക്; ഇറങ്ങിയോടി ബിജെപി നേതാവ്, വീഡിയോ
നടുറോഡിൽ അംഗരക്ഷകർക്കൊപ്പം ഓടുന്ന ബിട്ടുവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ചിരിയും പടർത്തി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചായസത്കാരത്തിൽ പങ്കെടുക്കാൻ റോഡ് വഴി ഓടി ബിജെപി നേതാവ്. പഞ്ചാബിലെ ബിജെപിയുടെ മുതിർന്ന നേതാവ് രവ്‌നീത് സിംഗ് ബിട്ടു ആണ് സത്കാരത്തിന് സമയത്തെത്താൻ ഓടിയത്. വഴിയിൽ ഗതാഗതക്കുരുക്ക് ഉണ്ടായതിനെ തുടർന്നായിരുന്നു ബിട്ടുവിന്റെ ഓട്ടം.
സത്യപ്രതിജ്ഞയ്ക്ക് മുമ്പായി ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ വെച്ച് പ്രധാനമന്ത്രി ഇന്ന് നടത്തിയ ചായസത്കാരത്തിന് പോകും വഴിയാണ് ബിട്ടുവിനെ ബ്ലോക്ക് ചതിച്ചത്. ബ്ലോക്ക് ഉടനെയെങ്ങും നീങ്ങില്ലെന്ന് മനസ്സിലായതോടെ ഇദ്ദേഹം വണ്ടിയിൽ നിന്നിറങ്ങി ഓടുകയായിരുന്നു. മോദിയുടെ വസതിയുള്ള റൗണ്ട് എബൗട്ടിന് തൊട്ടടുത്ത് തന്നെയാണ് ബ്ലോക്ക് ഉണ്ടായത്.
ബിട്ടു റോഡിലിറങ്ങി ഓട്ടമാരംഭിച്ചതോടെ കൂടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരും കൂടെയോടി. നടുറോഡിൽ അംഗരക്ഷകർക്കൊപ്പം ഓടുന്ന ബിട്ടുവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ചിരിയും പടർത്തി. 'ഒരുപാട് നേതാക്കൾ വരുന്നതല്ലേ, ലേറ്റ് ആകാൻ പാടില്ലല്ലോ' എന്നായിരുന്നു ബിട്ടുവിന്റെ പ്രതികരണം.
ലുധിയാന എംപിയായിരുന്ന ബിട്ടു കോൺഗ്രസിന്റെ അമരീന്ദർ സിങ് രാജയോട് വൻ ഭൂരിപക്ഷത്തിനാണ് ഇത്തവണ തോറ്റത്. എന്നാൽ മൂന്നാം മോദി മന്ത്രിസഭയിൽ ബിട്ടുവും ഇടംപിടിച്ചിട്ടുണ്ട്. നേരത്തെ കോൺഗ്രസിനൊപ്പമായിരുന്ന ബിട്ടു 2021ലാണ് ബിജെപിയിൽ ചേരുന്നത്.
തനിക്ക് മന്ത്രിസഭയിലേക്ക് ക്ഷണമുണ്ടാകുമെന്ന് നൂറ് ശതമാനം ഉറപ്പുണ്ടായിരുന്നതായാണ് ബിട്ടുവിന്റെ പ്രതികരണം. കോൺഗ്രസിനൊപ്പമായിരുന്നെങ്കിൽ താൻ ലുധിയാനയിൽ ജയിക്കുമായിരുന്നെന്നും പക്ഷേ പ്രതിപക്ഷത്തിരുന്ന് കരിങ്കൊടി ഉയർത്താനാകാതെ എന്താണ് അതുകൊണ്ട് ഗുണമെന്നുമായിരുന്നു ബിട്ടുവിന്റെ പരിഹാസം.