ലൈംഗികാരോപണം: ഇരകളിലൊരാളെ തട്ടിക്കൊണ്ടുപോയതായി പരാതി; എച്ച്.ഡി രേവണ്ണക്കെതിരെ വീണ്ടും കേസ്

പ്രജ്വൽ രേവണ്ണക്കെതിരെ ഇന്നലെ അന്വേഷണ സംഘം ലുക്കൗട്ട് നോട്ടീസ് പുറത്ത് വിട്ടിരുന്നു.

Update: 2024-05-03 10:36 GMT
Editor : Lissy P | By : Web Desk
Advertising

ബെഗളൂരു: ലൈംഗികാരോപണക്കേസിൽ മുൻ മന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി രേവണ്ണക്കും ഹാസൻ എം.പിയും ലോക്‌സഭാ സ്ഥാനാർഥിയുമായ പ്രജ്വൽ രേവണ്ണക്കുമെതിരെ കൂടുതൽ കുരുക്കുകൾ മുറുകുന്നു. പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാതിക്രമത്തിന് ഇരയായവരിൽ ഒരാളെ തട്ടിക്കൊണ്ടുപോയതായാണ് പരാതി. ഇരയുടെ മകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ എച്ച്.ഡി രേവണ്ണക്കെതിരെ കേസെടുത്തിട്ടുണ്ട്.വ്യാഴാഴ്ച രാത്രിയാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

രേവണ്ണയുടെ വീട്ടിൽ ആറുവർഷം ജോലിക്കാരിയായി ജോലി ചെയ്തയാളെയാണ് കാണാതെന്നാണ് പരാതി. ഇവർ മൂന്ന് വർഷം മുമ്പ് വീട്ടുജോലി ഉപേക്ഷിക്കുകയും ചെയ്തിരുന്നു.കർണാടകയിലെ തെരഞ്ഞെടുപ്പിന് മൂന്ന് ദിവസം മുമ്പ് രേവണ്ണയുടെ വിശ്വസ്തനായ സതീഷ് ബാബണ്ണ  വീട്ടിൽ വന്നു. അന്വേഷണത്തിനായി പൊലീസ് തങ്ങളെ സമീപിക്കാമെന്നും അവരോട് ഒന്നും വെളിപ്പെടുത്തരുതെന്നും ആവശ്യപ്പെട്ടു. 

 ഏപ്രിൽ 29 ന് സതീഷ് ഇവരുടെ വീട്ടിലെത്തി അമ്മയ്ക്കെതിരെ പൊലീസ് കേസെടുക്കുമെന്ന് പറഞ്ഞു.  അമ്മയെ പിടിച്ചാൽ എല്ലാവരും ജയിലിലേക്ക് പോകുമെന്നും പറഞ്ഞു.  എച്ച്ഡി രേവണ്ണ വിളിക്കുന്നെന്ന് പറഞ്ഞ് വീണ്ടും കൂട്ടിക്കൊണ്ടുപോയതായും പിന്നീട് അമ്മയെക്കുറിച്ച് യാതൊരുവിവരവുമില്ലെന്നും പരാതിയിൽ പറയുന്നു. പിന്നീട് ലൈംഗികാരോപണ വീഡിയോയില്‍ തന്റെ അമ്മയെ അപമാനിക്കുന്നതായി കണ്ടെന്ന് സുഹൃത്തുക്കളും കുടുംബങ്ങളും ഫോൺവിളിച്ചു പറയുകയായിരുന്നു. അമ്മയെ വിട്ടയക്കാൻ സതീഷിനോട് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ലെന്നും ഇരയുടെ മകൻ നൽകിയ പരാതിയിൽ പറയുന്നു. അമ്മയുടെ ജീവന് ഭീഷണിയുണ്ടെന്നും രേവണ്ണയ്ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ന് പുലർച്ചെ പ്രജ്വല് രേവണ്ണയുടെ ഹാസനിലുള്ള ഫാം ഹൗസിൽ പ്രത്യേക അന്വേഷണ സംഘം ഉദ്യോഗസ്ഥർ എത്തിയെന്നാണ് വിവരം.

അതേസമയം, ലൈംഗികാതിക്രമക്കേസിൽപ്പെട്ട്‌ രാജ്യം വിട്ട ജെ.ഡി.എസ്‌ എം.പി പ്രജ്വൽ രേവണ്ണക്കെതിരെ ഇന്നലെ പ്രത്യേക അന്വേഷണ സംഘം ലുക്കൗട്ട്‌ സർക്കുലർ പുറപ്പെടുവിച്ചിരുന്നു.  പ്രത്യേക അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകാൻ കൂടുതൽ സമയം ആവശ്യപ്പെട്ട്‌ പ്രജ്വൽ രേവണ്ണ അഭിഭാഷകൻ മുഖേന അപേക്ഷ നൽകിയിരുന്നു. ഇത്‌ തള്ളിയാണ് എസ്‌ ഐ ടി ലുക്ക്‌ ഔട്ട്‌ സർക്കുലർ പുറപ്പെടുവിച്ചത്‌. പ്രധാനമന്ത്രിയുടെ അറിവോടെയാണ് പ്രജ്വൽ രാജ്യം വിട്ടതെന്ന് കോൺഗ്രസ്‌ ആരോപിക്കുമ്പോൾ അന്വേഷണം വൈകിപ്പിച്ച്‌ രക്ഷപ്പെടാൻ കർണ്ണാടക സർക്കാൻ അവസരമൊരുക്കിയെന്ന് ബി.ജെ.പി പറയുന്നു. നേരത്തെ വിവരമറിഞ്ഞിട്ടും പ്രജ്വലിനെ സ്ഥാനാർഥിയാക്കി വേദി പങ്കിട്ടത്‌ മോഡിയുടെ കാപട്യത്തിനു തെളിവാണെന്ന് നടൻ പ്രകാശ്‌ രാജ്‌ പറഞ്ഞു.

പ്രജ്വലിന്റെ ഡിപ്ലോമാറ്റിക്‌ പാസ്പോർട്ട്‌ റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രിക്ക്‌ കത്തയച്ചിരുന്നു. പ്രജ്വലിന് രക്ഷപ്പെടാനുള്ള പദ്ധതി തയ്യാറാക്കിയത്‌ ദേവഗൗഡയാണെന്ന് സിദ്ധരാമയ്യ ആരോപിച്ചു. ഒന്നാം ഘട്ട തെരഞ്ഞെടുപ്പിനു ശേഷമാണു കേസ്‌ പുറത്ത്‌ വന്നതെങ്കിലും മുൻപ് തന്നെ ഹാസനിലും മറ്റും വീഡിയോ പ്രചരിച്ചിരുന്നു. 

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News