കാണികളുടെ എണ്ണം വെട്ടിക്കുറച്ചു: റിപ്പബ്ലിക് ദിന പരേഡിൽ 5,000 മുതൽ 8,000 പേർക്ക് മാത്രം പ്രവേശനം

രണ്ടു ഡോസ് വാക്‌സിനുമെടുത്ത മുതിർന്നവരെയും ഒരു വാക്‌സിനെങ്കിലുമെടുത്ത 15 വയസിന് മുകളിലുള്ള കുട്ടികളെയും മാത്രമേ പ്രവേശിപ്പിക്കൂ

Update: 2022-01-19 04:58 GMT
Editor : Lissy P | By : Web Desk
കാണികളുടെ എണ്ണം വെട്ടിക്കുറച്ചു:  റിപ്പബ്ലിക് ദിന പരേഡിൽ   5,000 മുതൽ 8,000 പേർക്ക് മാത്രം പ്രവേശനം
AddThis Website Tools
Advertising

ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ അനുവദിച്ചിരിക്കുന്നവരുടെ എണ്ണം 5,000 മുതൽ 8,000  വരെയായി കുറക്കും. രണ്ട് ഡോസ് വാക്സിനേഷൻ എടുത്ത മുതിർന്നവർക്കും ഒരു ഡോസ് വാക്‌സിനെങ്കിലുമെടുത്ത 15 വയസ്സിന് മുകളിലുള്ള കുട്ടികൾക്കും മാത്രമേ  പ്രവേശനം അനുവദിക്കൂ. 15 വയസ്സിന് താഴെയുള്ള കുട്ടികളെ പരിപാടിയിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്നും അധികൃതർ അറിയിച്ചു. പരേഡുകൾ 10.30 നാണ് ആരംഭിക്കുക. നേരത്തെ 10 മണിക്ക് തുടങ്ങാനായിരുന്നു തീരുമാനിച്ചത്. പരേഡ് കൂടുതൽ വ്യക്തമായി കാണുന്നതിന് വേണ്ടിയാണ് സമയം മാറ്റം.പരേഡിലെ നിശ്ചല ദൃശ്യങ്ങൾ തൽസമയം വ്യക്തമായി കാണാനായി രാജ്പഥിന്റെ ഇരുവശത്തും അഞ്ച് വീതം 10 വലിയ എൽഇഡി സ്‌ക്രീനുകൾ സ്ഥാപിക്കുമെന്ന് അധികൃതർ പറഞ്ഞു.

2020 ൽ ഏകദേശം ഒന്നേകാൽ ലക്ഷം പേരെയാണ് പരേഡ് കാണാൻ അനുവദിച്ചത്. കോവിഡ് മഹാമാരിയായതോടെ കഴിഞ്ഞ വർഷം 25,000 പേർക്കാണ് പ്രവേശനം നൽകിയത്. ഈ വർഷം ആളുകളുടെ എണ്ണം 80 ശതമാനത്തോളമാണ് കുറക്കുന്നത്. കോവിഡ് സാഹചര്യം കണക്കിലെടുത്ത്‌സാമൂഹിക അകലം കൃത്യമായി പാലിക്കുന്നതിനാണ് ആളുകളുടെ എണ്ണം കുറച്ചത്.

കഴിഞ്ഞ വർഷത്തെ പരേഡിൽ മുഖ്യാതിഥി ഉണ്ടായിരുന്നില്ല. ഈ വർഷം ഒരു പ്രത്യേക ശ്രമമെന്ന നിലയിൽ, ജനുവരി 29 ന് നടക്കുന്ന പരേഡിനും ബീറ്റിംഗ് ദി റിട്രീറ്റ് ചടങ്ങിനും ഓട്ടോറിക്ഷാ ഡ്രൈവർമാർ, നിർമ്മാണ തൊഴിലാളികൾ, ശുചീകരണ തൊഴിലാളികൾ, മുൻനിര ആരോഗ്യ പ്രവർത്തകർ എന്നിവർക്ക് സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ടെന്ന് അധികൃതകർ പറഞ്ഞു.

ടിവിയിലൂടെയും തത്സമയ സ്ട്രീമിംഗിലൂടെയും പരേഡ് കാണാൻ ആളുകളെ പ്രോത്സാഹിപ്പിക്കും. വീരമൃത്യു വരിച്ച ഏകദേശം 5,000 വീരന്മാരുടെ അടുത്ത ബന്ധുക്കൾക്ക് രാജ്യത്തുടനീളമുള്ള എൻ.സി.സി കേഡറ്റുകൾ 'കൃതജ്ഞതയുടെ ഫലകം' സമ്മാനിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെ ദേശീയ യുദ്ധസ്മാരകത്തിൽ ധീരജവാന്മാരെ ആദരിക്കുകയും ചെയ്യും. ഇതോടു കൂടി ആഗസ്ത് 15 വരെ തുടരുന്ന പരിപാടിക്ക് തുടക്കമാകുമെന്നും അധികൃതർ അറിയിച്ചു.

പരേഡിനുള്ള ക്ഷണ കാർഡുകളിൽ അശ്വഗന്ധ, കറ്റാർ വാഴ, നെല്ലിക്ക എന്നിവയുടെ വിത്തുകൾ ഉൾപ്പെടുത്തും, ഉപയോഗശേഷം അവ തോട്ടങ്ങളിലോ പൂച്ചട്ടികളിലോ നട്ടുപിടിപ്പിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കും. പ്രതിരോധ മന്ത്രാലയവും സാംസ്‌കാരിക മന്ത്രാലയവും സംയുക്തമായി സംഘടിപ്പിച്ച ദേശീയ മത്സരമായ 'വന്ദേ ഭാരതം' വഴിയാണ് സാംസ്‌കാരിക പരിപാടിയിൽ പങ്കെടുക്കുന്ന നർത്തകരെ തെരഞ്ഞെടുത്തത്. 3,870 നർത്തകരിൽ നിന്ന് 800 കലാകാരന്മാരെ പരേഡിലെ നൃത്ത പ്രകടനത്തിനായി തെരഞ്ഞെടുത്തിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News