ഓപ്പറേഷൻ ഗംഗ രക്ഷാദൗത്യം തുടരുന്നു; യുക്രൈനിൽ നിന്നുള്ള രണ്ടാമത്തെ വിമാനം ഡൽഹിയിൽ എത്തി
മലയാളികൾ ഉൾപ്പെടെ 469 പൗരന്മാരാണ് സുരക്ഷിതമായി തിരികെ എത്തിയത്
യുക്രൈനില്‍ നിന്നുള്ള ഇന്ത്യൻ രക്ഷാദൗത്യം ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായുള്ള രണ്ടാമത്തെ വിമാനം ഡൽഹിയിൽ എത്തി. മലയാളികൾ ഉൾപ്പെടെ 469 പൗരന്മാരാണ് സുരക്ഷിതമായി തിരികെയെത്തിയത്. വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുംവിദേശകാര്യ സഹമന്ത്രി വി. മുരളീധരനും യാത്രക്കാരെ സ്വീകരിച്ചു.
തിരികെ എത്തിയവരില്‍ 16 മലയാളി വിദ്യാർത്ഥികളുണ്ട്. ഇവരെ രാവിലെ 6:15നുള്ള എയർഇന്ത്യാവിമാനത്തിൽ കേരളത്തിലേക്ക് അയക്കും.14 വിദ്യാർത്ഥികളെ കേരള ഹൗസിലേക്ക് മാറ്റി. ഇവരെ ഇന്ന് വൈകുന്നേരം 5:15നുമുള്ള വിമാനത്തിലും നാട്ടിലേക്ക് അയക്കും. സുരക്ഷിതമായി തിരികെ എത്തിയതില്‍ വലിയ സന്തോഷമുണ്ടെന്ന് വിദ്യാർത്ഥികൾ മീഡിയവണ്ണിനോട് പറഞ്ഞു.
ഇന്ത്യയുടെ യുക്രൈൻ രക്ഷാ ദൗത്യം ഓപ്പറേഷൻ ഗംഗ തുടരുകയാണ്. ഇന്ന് ഉച്ചയോടെ ഹംഗറിയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം നാട്ടിലെത്തും. കൂടുതൽ വിമാനങ്ങൾ രക്ഷാ ദൗത്യത്തിനായി റൊമേനിയയിലേക്കയക്കും
ഓപ്പറേഷൻ ഗംഗ വഴി കൂടുതൽ ഇന്ത്യക്കാരെ വേഗത്തിൽ തിരികെയെത്തിക്കുകയാണ് കേന്ദ്രം. റൊമേനിയയിലും ഹംഗറിയിലും എത്തിയവർക്കായി പ്രത്യേക എയർ ഇന്ത്യ വിമാനങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. മുംബൈയിൽ നിന്നും ഡൽഹിയിൽ നിന്നും നാളെ കൂടുതൽ വിമാനങ്ങൾ യുക്രൈന്‍റെ പടിഞ്ഞാറൻ രാജ്യങ്ങളിലേക്ക് തിരിക്കും.
വിദേശകാര്യമന്ത്രാലയത്തിൻ്റെ കണക്ക് പ്രകാരം 16000 ആളുകളാണ് ഇനി യുക്രൈനില്‍ നിന്ന് തിരികെ എത്താനുള്ളത്. ഇതിൽ രണ്ടായിരത്തോളം മലയാളി വിദ്യാർഥികളുമുണ്ട്. കിയേവിൽ ബങ്കറുകളിൽ അഭയം തേടിയ ഇന്ത്യക്കാരെ തിരിച്ചെത്താൻ സഹായം റഷ്യ അറിയിച്ചിട്ടുണ്ട്. രക്ഷാ ദൗത്യത്തിൽ യുക്രൈനും ഇന്ത്യക്ക് പിന്തുണ നൽകും. രക്ഷാദൗത്യത്തിനായി കൂടുതൽ വിമാനങ്ങൾ സജ്ജമാക്കാൻ വ്യോമയാനമന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.