2019 നും 2021നും ഇടയിൽ ഇന്ത്യയിൽ നിന്ന് കാണാതായത് 13 ലക്ഷം പെൺകുട്ടികളെയും സ്ത്രീകളെയും: കേന്ദ്ര സര്‍ക്കാര്‍
ഏറ്റവും കൂടുതൽ പേരെ കാണാതായത് മധ്യപ്രദേശിലാണ്
ന്യൂഡൽഹി: 2019 നും 2021 നും ഇടയിൽ ഇന്ത്യയിൽ നിന്ന് കാണാതായത് 13.13 ലക്ഷത്തിലധികം സ്ത്രീകളെയും കുട്ടികളെയുമാണെന്ന് കേന്ദ്രസർക്കാർ. കഴിഞ്ഞാഴ്ച പാർലമെന്റിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് കണക്കുകൾ അവതരിപ്പിച്ചത്. ഏറ്റവും കൂടുതൽ പേരെ കാണാതായത് മധ്യപ്രദേശിലാണ്. രണ്ടാം സ്ഥാനം പശ്ചിമ ബംഗാളിലാണ്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 2019 നും 2021 നും ഇടയിൽ രാജ്യത്തുടനീളം 18 വയസിന് മുകളിലുള്ള 10,61,648 സ്ത്രീകളെയും അതിനു താഴെയുള്ള 2,51,430 പെൺകുട്ടികളെയും കാണാതായിട്ടുണ്ട്. നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ (എൻസിആർബി) ആണ് ഈ വിവരങ്ങൾ ശേഖരിച്ചത്.
മധ്യപ്രദേശിൽ നിന്ന് ഈ കാലയളവിൽ 1,60,180 സ്ത്രീകളെയും 38,234 പെൺകുട്ടികളെയും കാണാതായതായിട്ടുണ്ട്. പശ്ചിമ ബംഗാളിൽ നിന്ന് 1,56,905 സ്ത്രീകളെയും 36,606 പെൺകുട്ടികളെയും കാണാതായി. ഈ കാലയളവിൽ മഹാരാഷ്ട്രയിൽ 1,78,400 സ്ത്രീകളെയും 13,033 പെൺകുട്ടികളെയും കാണാതായി. ഒഡീഷയിൽ മൂന്ന് വർഷത്തിനിടെ 70,222 സ്ത്രീകളെയും 16,649 പെൺകുട്ടികളെയും കാണാതായപ്പോൾ ഛത്തീസ്ഗഡിൽ നിന്ന് 49,116 സ്ത്രീകളെയും 10,817 പെൺകുട്ടികളെയും കാണാതായി.
കേന്ദ്രഭരണ പ്രദേശങ്ങളിൽ ഏറ്റവും കൂടുതൽ പെൺകുട്ടികളെയും സ്ത്രീകളെയും കാണാതായത് ഡൽഹിയിലാണ്. 2019-നും 2021-നും ഇടയിൽ ഡൽഹിയിൽ നിന്ന് 61,054 സ്ത്രീകളെയും 22,919 പെൺകുട്ടികളെയും കാണാതായപ്പോൾ ജമ്മു കശ്മീരിൽ 8,617 സ്ത്രീകളെയും 1,148 പെൺകുട്ടികളെയും ഈ കാലയളവിൽ കാണാതായിട്ടുണ്ടെന്നും കണക്കുകൾ പറയുന്നു.
രാജ്യത്തുടനീളമുള്ള സ്ത്രീകളുടെ സുരക്ഷയ്ക്കായി നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സർക്കാർ പാർലമെന്റിനെ അറിയിച്ചു. കൂടാതെ, 2018-ലെ ക്രിമിനൽ നിയമ (ഭേദഗതി) നിയമം, 12 വയസ്സിന് താഴെയുള്ള പെൺകുട്ടികളെ ബലാത്സംഗം ചെയ്യുന്നവർക്ക് വധശിക്ഷ ഉൾപ്പെടെയുള്ള കൂടുതൽ കർശനമായ ശിക്ഷാ വ്യവസ്ഥകൾ നിർദേശിക്കുന്നതിനായി നിലവിൽ വന്നിട്ടുണ്ട്. ബലാത്സംഗക്കേസുകളുടെ അന്വേഷണവും കുറ്റപത്രം രണ്ടുമാസത്തിനകം പൂർത്തിയാക്കാനും രണ്ടുമാസത്തിനകം വിചാരണ പൂർത്തിയാക്കാനും ഈ നിയമം അനുശാസിക്കുന്നുണ്ടെന്നും കേന്ദ്രസർക്കാർ പാർലിമെന്റിനെ അറിയിച്ചു.