ഇളകാതെ ഒവൈസിക്കോട്ട; ലീഡ് ഒരു ലക്ഷം കടന്നു

2004 മുതൽ ഒവൈസി മണ്ഡലത്തില്‍ തോൽവി എന്താണ് എന്നറിഞ്ഞിട്ടില്ല

Update: 2024-06-04 08:45 GMT

asaduddin owaisi

Advertising

ഹൈദരാബാദിൽ ഇക്കുറിയും തനിക്ക് എതിരാളികളില്ലെന്ന് പ്രഖ്യാപിച്ച് എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തോടെ മുന്നേറുന്ന ഒവൈസി അഞ്ചാം തവണയും മണ്ഡലം പിടിക്കുമെന്നുറപ്പായി. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 3,43,868 വോട്ടുകളുമായി ബഹുദൂരം മുന്നിലാണ് ഒവൈസി. ഇക്കുറി ഒരു വനിതാ സ്ഥാനാർത്ഥിയെ ഇറക്കി കളംപിടിക്കാമെന്ന ബി.ജെ.പിയുടെ തന്ത്രങ്ങൾ  ഫലം കണ്ടില്ല.

രണ്ടാം സ്ഥാനത്തുള്ള ബി.ജെ.പിയുടെ മാധവി ലത 2,19,648 വോട്ടുകളാണ് ഇതുവരെ നേടിയത്. ഇതാദ്യമായാണ് ഒവൈസിക്കെതിരെ ഒരു വനിതാ സ്ഥാനാര്‍ഥി ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കുന്നത്.  കഴിഞ്ഞ നാല് പതിറ്റാണ്ട് കാലമായി ഹൈദരാബാദ് എ.ഐ.എം.ഐ.എമ്മിന്‍റെ കുത്തക മണ്ഡലമാണ്. 2004 മുതൽ  ഒവൈസി മണ്ഡലത്തില്‍ തോൽവി എന്താണ് എന്നറിഞ്ഞിട്ടില്ല. ഒവൈസിക്ക് മുമ്പ് അദ്ദേഹത്തിന്റെ പിതാവ് സുൽത്താന്‍ സ്വലാഹുദ്ധീൻ ഒവൈസി 1984 മുതൽ തുടർച്ചയായി ആറ് തവണ ഹൈദരാബാദ് മണ്ഡലത്തിൽ നിന്ന് പാര്‍ലമെന്‍റിലെത്തിയിരുന്നു. 2019 ൽ 2,80,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഒവൈസി പാർലമെന്റിലെത്തിയത്. ഇക്കുറിയും ഒവൈസി ലീഡ് 2 ലക്ഷത്തിലേക്ക് ഉയര്‍ത്തുമെന്ന് തന്നെയാണ് കരുതപ്പെടുന്നത്.

അതേസമയം  തെലങ്കാനയിൽ കോൺഗ്രസും ബി.ജെ.പിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. 17 ലോക്സഭാ മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് 9 മണ്ഡലങ്ങളിൽ കോണ്‍ഗ്രസ് ലീഡ് ചെയ്യുമ്പോള്‍ ബി.ജെ.പി ഏഴ് മണ്ഡലങ്ങളിലാണ് ലീഡ് ചെയ്യുന്നത്.  സംസ്ഥാനത്ത് ചന്ദ്രശേഖര റാവുവിന്‍റെ ബി.ആര്‍.എസ് കനത്ത തിരിച്ചടി നേരിട്ടു. ഒരു സീറ്റില്‍ പോലും ഇതുവരെ ഭാരത് രാഷ്ട്രസമിതിക്ക് ലീഡ് ചെയ്യാനായിട്ടില്ല.

നേരത്തേ എക്സിറ്റ് പോള്‍ഫലങ്ങളും ഇഞ്ചോടിഞ്ച് പോരാട്ടമാണ് തെലങ്കാനയില്‍ പ്രവചിച്ചിരുന്നത്. ഏഴ് മുതല്‍ ഒമ്പത് വരെ സീറ്റുകളില്‍ ബി.ജെ.പിയും കോണ്‍ഗ്രസും വെന്നിക്കൊടി പാറിക്കുമെന്നായിരുന്നു ഭൂരിപക്ഷം എക്സിറ്റ് പോളുകളുടെയും പ്രവചനം. 2019 ൽ ടി.ആർ.എസ് 9 സീറ്റിൽ വിജയിച്ചപ്പോൾ ബി.ജെ.പി നാല് സീറ്റിലും കോൺഗ്രസ് മൂന്ന് സീറ്റിലുമാണ് വിജയിച്ചത്. ഇക്കുറി ട്രെന്‍റ് ആര്‍ക്കൊപ്പമാണെന്ന കാര്യത്തില്‍ തീരുമാനമാവാന്‍ ഇനിയും കാത്തിരിക്കണം.

അതേ സമയം ദേശീയതലത്തിൽ 295 സീറ്റുകളില്‍ എൻ.ഡി.എ ലീഡ് ചെയ്യുന്നുണ്ട്. ഇൻഡ്യാ സഖ്യം 229 സീറ്റുകളിൽ മുന്നിട്ടുനിൽക്കുന്നു. ഉത്തർപ്രദേശ് , മഹാരാഷ്ട്ര, പഞ്ചാബ് തുടങ്ങി നിരവധി സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായത്. മഹാരാഷ്ട്രയിൽ 27 സീറ്റുകളിൽ ഇൻഡ്യാ സഖ്യമാണ് ലീഡ് ചെയ്യുന്നത്. പഞ്ചാബിൽ 10 സീറ്റിലും ഇൻഡ്യാ സഖ്യമാണ് മുന്നിട്ടുനിൽക്കുന്നത്. എൻ.ഡി.എക്ക് ഒരു സീറ്റിൽപോലും ലീഡ് ചെയ്യാൻ കഴിഞ്ഞിട്ടില്ല.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News