'വീട്ടിലെ കോഴി മുട്ടയിട്ടില്ലെങ്കിലും മിയ മുസ്‌ലിംകളെ കുറ്റപ്പെടുത്തുന്ന ചിലർ ഇവിടെയുണ്ട്'; അസം മുഖ്യമന്ത്രിക്ക് മറുപടിയുമായി ഉവൈസി

രാജ്യത്ത് പച്ചക്കറി വില കുതിച്ചുയരാൻ കാരണം മിയ മുസ്‌ലിംകളാണ് എന്നാണ് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വശർമ പറഞ്ഞത്.

Update: 2023-07-15 06:17 GMT
Advertising

ഹൈദരാബാദ്: പച്ചക്കറിക്ക് വില കൂടിയതിന്റെ പേരിൽ മുസ്‌ലിംകൾക്കെതിരെ വംശീയാധിക്ഷേപം നടത്തിയ അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വശർമക്ക് മറുപടിയുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി. തങ്ങളുടെ വ്യക്തിപരമായ പരാജയങ്ങൾക്ക് പോലും അവർ 'മിയാ ഭായി'മാരെ കുറ്റപ്പെടുത്തുകയാണെന്ന് ഉവൈസി പറഞ്ഞു.

'സ്വന്തം വീട്ടിലെ എരുമ പാല് തന്നില്ലെങ്കിലും കോഴി മുട്ടയിട്ടില്ലെങ്കിലും മിയാ മുസ്‌ലിംകളെ കുറ്റപ്പെടുത്തുന്ന ഒരു വിഭാഗം രാജ്യത്തുണ്ട്. ഒരുപക്ഷേ അവർ തങ്ങളുടെ വ്യക്തിപരമായ പരാജയങ്ങൾക്ക് പോലും മിയാ ഭായിമാരെയാണ് കുറ്റപ്പെടുത്തുക'-ഉവൈസി പറഞ്ഞു.

വെള്ളിയാഴ്ചയാണ് അസം മുഖ്യമന്ത്രി മുസ്‌ലിംകൾക്കെതിരെ വംശീയ പരാമർശം നടത്തിയത്. രാജ്യത്ത് പച്ചക്കറി വില കുതിച്ചുയരാൻ കാരണം മിയ മുസ്‌ലിംകളാണ് എന്നാണ് ഹിമാന്ത ബിശ്വശർമ പറഞ്ഞത്. ബംഗാളി വംശജരായ മുസ്‌ലിംകളെയാണ് മിയ മുസ്‌ലിംകൾ എന്ന് വിളിക്കുന്നത്.

അസം യുവാക്കൾ മുന്നോട്ടുവന്ന് പച്ചക്കറി വിപണിയുടെ നിയന്ത്രണം പിടിച്ചെടുക്കണമെന്നും അസം മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അസം യുവാക്കൾ കടന്നുവന്നാൽ മിയ മുസ്‌ലിംകളായ പച്ചക്കറി വ്യാപാരികളെ താൻ നഗരത്തിൽനിന്ന് തുടച്ചുനീക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബ്രിട്ടീഷ് ഭരണകാലത്ത് ബംഗാളിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തി ബ്രഹ്‌മപുത്ര തീരത്ത് താമസമാക്കിയ മുസ്‌ലിംകളാണ് മിയകൾ. മുസ്‌ലിം പുരുഷൻമാരെ അഭിസംബോധന ചെയ്യാൻ ഉപയോഗിക്കുന്ന മിയാൻ എന്ന പേർഷ്യൻ വാക്കിൽനിന്നാണ് മിയ വരുന്നതെന്ന് അഭിപ്രായമുണ്ട്. പിൽക്കാലത്ത് വംശീയാധിക്ഷേപത്തിനായി മിയ വ്യാപകമായി ഉപയോഗിക്കാറുണ്ട്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News