പാർലമെന്റ് നരേന്ദ്ര മോദി തന്നെ ഉദ്ഘാടനം ചെയ്യും; എംപിമാർക്ക് ക്ഷണക്കത്തയച്ചു
സ്പീക്കറുടെ സാന്നിധ്യത്തിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് ക്ഷണക്കത്തിൽ പറയുന്നു
ന്യൂഡല്‍ഹി: പുതിയ പാർലമെന്റിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നിർവഹിക്കും. പാർലമെന്റ് അംഗങ്ങൾക്ക് ക്ഷണക്കത്ത് അയച്ചു. സ്പീക്കറുടെ സാന്നിധ്യത്തിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് ക്ഷണക്കത്തിൽ പറയുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് ഉദ്ഘാടനം. പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെയാണ് തീരുമാനവുമായി മുന്നോട്ടുപോകാനുള്ള ബിജെപി സർക്കാറിന്റെ നീക്കം.
970 കോടി രൂപ ചെലവിലാണ് പുതിയ പാർലമെൻറ് മന്ദിരം നിർമിച്ചിരിക്കുന്നത്.മോദി സർക്കാർ അധികാരത്തിലെത്തിയിട്ട് ഒൻപത് വർഷം പൂർത്തിയാകുന്ന വേളയിലാണ് പുതിയ പാർലമെൻറ് മന്ദിരം രാജ്യത്തിന് സമർപ്പിക്കുന്നത്.
നാലു നിലകളുള്ള മന്ദിരത്തിന് വിശാലമായ കോൺസ്റ്റ്റ്റിയൂഷൻ ഹാൾ, എംപിമാർക്കായി പ്രത്യേക ലോഞ്ച്,വിപുലമായ ലൈബ്രറി സമ്മേളനമുറികൾ, ഡൈനിങ് ഏരിയ,വിശാലമായ പാർക്കിങ് സൗകര്യം എന്നിവയുണ്ടാകും. 93 വർഷം പഴക്കമുള്ള നിലവിലെ മന്ദിരം പാർലമെൻറുമായി ബന്ധപ്പെട്ട ചടങ്ങുകൾക്ക് ഉപയോഗിക്കും.ടാറ്റ പ്രോജക്ട്‌സ് ലിമിറ്റഡിനാണ് നിർമ്മാണ കരാർ. പാർലമെൻറ് ഹൗസ് എസ്റ്റേറ്റിലെ നൂറ്റി എട്ടാം പ്ലോട്ടിലാണ് 64,000 ചതുരശ്ര മീറ്റർ ഉള്ള പുതിയ മന്ദിരം നിർമ്മിച്ചിരിക്കുന്നത്. ലോക്‌സഭയിൽ 888 ഉം രാജ്യസഭയിൽ 384 ഉം ഇരിപ്പിടം ഒരുക്കും. 2020 ഡിസംബറിലാണ് പ്രധാനമന്ത്രി പുതിയ പാർലമെൻറ് മന്ദിരത്തിൻറെ ശിലാസ്ഥാപനവും ഭൂമി പൂജയും നിർവഹിച്ചത്.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (NIFT) രൂപകൽപന ചെയ്ത പുതിയ യൂണിഫോമായിരിക്കും ഇരുസഭകളിലെയും ജീവനക്കാർ ധരിക്കുക. പുതിയ ഘടനയിൽ മൂന്ന് വാതിലുകളാണുള്ളത് - ഗ്യാൻ ദ്വാർ, ശക്തി ദ്വാർ, കർമ്മ ദ്വാർ, കൂടാതെ എംപിമാർക്കും വിഐപികൾക്കും സന്ദർശകർക്കും പ്രത്യേക എൻട്രികളും ഉണ്ടായിരിക്കും.