'അശോക് ചവാൻ രമേശ് ചെന്നിത്തലയെ വിളിച്ച് കരഞ്ഞു, ബി.ജെ.പിയിൽ ചേർന്നില്ലെങ്കിൽ ജയിലിൽ പോകുമെന്ന് പറഞ്ഞു';വെളിപ്പെടുത്തി പി.സി വിഷ്ണുനാഥ്
മഹാരാഷ്ട്രയിലെ മുതിർന്ന നേതാവ് തന്റെ അമ്മയോടു കരഞ്ഞു പറഞ്ഞ ശേഷമാണ് കോൺഗ്രസ് വിട്ടതെന്ന് അശോക് ചവാന്റെ പേരു പറയാതെ രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു
മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ അശോക് ചവാൻ ബിജെപിയിൽ ചേരുന്നതിനു മുൻപ് രമേശ് ചെന്നിത്തലയിൽ വിളിച്ച് വാവിട്ട് കരഞ്ഞെന്നും ബിജെപിയിൽ ചേർന്നില്ലെങ്കിൽ ജയിലിൽ പോകുമെന്നും പറഞ്ഞതായി എഐസിസി സെക്രട്ടറി പി.സി വിഷ്ണുനാഥ് എംഎൽഎയുടെ വെളിപ്പെടുത്തൽ. 'എന്നോടു ക്ഷമിക്കണം. ഞാൻ നാളെ പാർട്ടി വിട്ട് ബിജെപിയിൽ പോകും. ഇല്ലെങ്കിൽ മറ്റന്നാൾ അവർ എന്നെ ജയിലിലാക്കും' ബിജെപിയിൽ ചേരുന്നതിനു തലേന്ന് രമേശ് ചെന്നിത്തലയെ വിളിച്ച് അശോക് ചവാൻ പറഞ്ഞതായി കുണ്ടറയിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കവേ പി.സി വിഷ്ണുനാഥ് വെളിപ്പെടുത്തി.
'അശോക് ചവാൻ പാർട്ടി വിടുന്ന സമയത്തു കേരളത്തിൽ നിയമസഭാ സമ്മേളനം നടക്കുകയായിരുന്നു. പാർട്ടിയിൽ മഹാരാഷ്ട്രയുടെ ചുമതലയുള്ള രമേശ് ചെന്നിത്തല അപ്പോൾ സഭയിലുണ്ട്. ഞാൻ അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് ചവാൻ പാർട്ടിവിടുന്നുവെന്ന വാർത്ത കാണിച്ചു കൊടുത്തു. ചവാൻ തന്നെ വിളിച്ചു വാവിട്ടു കരഞ്ഞ കാര്യം രമേശ് ചെന്നിത്തല എന്നോടു പറഞ്ഞു' വിഷ്ണുനാഥ് പ്രസംഗത്തിൽ വ്യക്തമാക്കി.
അതേസമയം, മഹാരാഷ്ട്രയിലെ മുതിർന്ന നേതാവ് തന്റെ അമ്മയോടു കരഞ്ഞു പറഞ്ഞ ശേഷമാണ് കോൺഗ്രസ് വിട്ടതെന്ന് അശോക് ചവാന്റെ പേരു പറയാതെ രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു. അറസ്റ്റ് ഭീഷണിയുണ്ടെന്നും ജയിലിൽ പോകാൻ ഇനി വയ്യെന്നും അദ്ദേഹം പറഞ്ഞന്നായിരുന്നു മുംബൈയിൽ ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന ചടങ്ങിൽ രാഹുലിന്റെ വെളിപ്പെടുത്തൽ.