വിമാനത്തില്‍ യാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം: പ്രതി ശങ്കർ മിശ്രയ്ക്ക് ജാമ്യം

പട്യാല ഹൗസ് കോടതിയാണ് ജാമ്യം അനുവദിച്ചത്

Update: 2023-01-31 12:59 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രക്കാരിക്ക് മേൽ മൂത്രമൊഴിച്ച കേസിൽ പ്രതി ശങ്കർ മിശ്രയ്ക്ക് ജാമ്യം. പട്യാല ഹൗസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.ഒരു ലക്ഷം രൂപക്ക് പുറമെ ആൾജാമ്യത്തിലാണ് ജാമ്യം നൽകിയത്. ഡൽഹി പൊലീസ് ജാമ്യാപേക്ഷയെ എതിർത്തു.  ഇന്ത്യയ്ക്ക് അന്താരാഷ്ട്രതലത്തിൽ അപകീർത്തികരമായ സംഭവമാണെന്നും ജാമ്യം നൽകരുതെന്നുമായിരുന്നു പൊലീസിന്റെ വാദം. അന്വേഷണത്തിൽ മിശ്ര സഹകരിച്ചില്ലെന്നും മൊബൈൽ ഫോണുകളെല്ലാം സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണെന്നും പ്രോസിക്യൂട്ടർ വാദിച്ചു.

എന്നാൽ പൊലീസ് ഹാജരാക്കിയ സാക്ഷികൾ പ്രോസിക്യൂഷന് അനുകൂലമായി മൊഴിനൽകിയിട്ടില്ലെന്നും പരാതിക്കാരന്റെ മൊഴിയിലും സാക്ഷിയുടെ മൊഴിയിലും വൈരുദ്ധ്യമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. നവംബർ 26ന് ന്യൂയോർക്കിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള എയർഇന്ത്യ വിമാനത്തിലായിരുന്നു യാത്രക്കാരിയുടെ ദേഹത്തേക്ക് ഇയാൾ മൂത്രമൊഴിച്ചത്. തുടർന്ന് ഒളിവിൽ പോയ ഇയാളെ ജനുവരി ഏഴിനാണ് ബംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തത്.

ജനുവരി 11 ന് മജിസ്ട്രേയൽ കോടതി മിശ്രയ്ക്ക് ജാമ്യം നിഷേധിച്ചിരുന്നു. പ്രതിയുടെ പ്രവൃത്തി തീർത്തും വെറുപ്പുളവാക്കുന്നതും  പൗരബോധത്തെ ഞെട്ടിച്ചതാണെന്നുമായിരുന്നു അന്ന് കോടതി നിരീക്ഷിച്ചത്.

മൂത്രമൊഴിച്ച സംഭവത്തിൽ കൃത്യമായ നടപടികൾ സ്വീകരിക്കാത്തതിന്റെ പേരില് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ എയർഇന്ത്യക്ക് 30 ലക്ഷം രൂപ പിഴ ചുമത്തുകയും പൈലറ്റ് ഇൻ-ചാർജിന്റെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.

ഡിജിസിഎ തന്റെ ചുമതലകൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടതിന് എയർ ഇന്ത്യയുടെ ഡയറക്ടർ-ഇൻ-ഫ്‌ലൈറ്റ് സർവീസുകൾക്ക് 3 ലക്ഷം രൂപ പിഴയും ചുമത്തിയിരുന്നു. ഇതിന് പുറമെ പ്രതി ശങ്കർ മിശ്രയെ നാല് മാസത്തേക്ക് എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്യുന്നതും വിലക്കിയിരുന്നു.





Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News