എന്നും കൃത്യം 8.30 ന് ദേശീയ ഗാനം; ഇവിടെയൊരു നഗരം എഴുന്നേറ്റു നില്‍ക്കുന്നു
എന്ത് ജോലികളിലാണെങ്കിലും കച്ചവടക്കാരും വഴിയാത്രക്കാരും വിദ്യാർഥികളുമൊക്കെ ദേശീയ ഗാനം കഴിയുന്നത് വരെ നിശബ്ദമായി എഴുന്നേറ്റു നിൽക്കും
എല്ലാ ദിവസവും രാവിലെ കൃത്യം 8.30ന് ദേശീയഗാനം ഉച്ചത്തിൽ മുഴങ്ങുന്ന ഒരു നഗരമുണ്ട് തെലങ്കാനയിൽ. തെലങ്കാനയിലെ നൽഗൊണ്ട ടൗണിലാണ് എല്ലാ ദിവസവും രാവിലെ മുടക്കമില്ലാതെ ദേശീയഗാനം മുഴങ്ങാറുള്ളത്.
നഗരത്തിലെ 12 ജംഗ്ഷനുകളിൽ എല്ലാ ദിവസവും ദേശീയഗാനം മുടക്കമില്ലാതെ മുഴങ്ങും. എന്ത് ജോലികളിലാണെങ്കിലും കച്ചവടക്കാരും വഴിയാത്രക്കാരും വിദ്യാർഥികളുമൊക്കെ ദേശീയ ഗാനം കഴിയുന്നത് വരെ നിശബ്ദമായി എഴുന്നേറ്റു നിൽക്കും.
നൽഗൊണ്ടയിലെ ജനഗണമന ഉത്സവ സമിതിയുടെ പ്രസിഡണ്ട് കർണാട്ടി വിജയകുമാറും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ചേർന്നാണ് ഇങ്ങനെയൊരാശയം മുന്നോട്ടു വച്ചത്. നഗരത്തിലെ ജനങ്ങൾ വലിയ ആവേശത്തിലാണ് ഈ ആശയത്തെ സ്വീകരിച്ചത്.
ഇതോടെ ഈ വര്‍ഷം ജനുവരി 23 മുതൽ നഗരത്തിലെ പ്രധാന പ്രദേശങ്ങളിൽ രാവിലെ കൃത്യം 8.30 ന് ദേശീയ ഗാനം ഉച്ചത്തിൽ മുഴങ്ങിക്കേൾക്കാൻ തുടങ്ങി. എല്ലാ ദിവസവും ആരംഭിക്കുന്നത് ദേശീയഗാനം കൊണ്ടാവുന്നത് ദേശസ്‌നേഹം ഊട്ടിയുറപ്പിക്കാൻ കാരണമാകുമെന്ന് കർണാട്ടി വിജയകുമാർ പറഞ്ഞു.