ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയ വ്യക്തിയെ പൊലീസ് ഔട്ട്പോസ്റ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
ഔട്ട്പോസ്റ്റിലുണ്ടായിരുന്ന എല്ലാ പൊലീസ് ഉദ്യോഗസ്ഥരെയും സസ്‌പെൻഡ് ചെയ്തു
ന്യൂഡൽഹി: ലൈംഗികാതിക്രമക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ വിളിച്ചയാളെ പൊലീസ് ഔട്ട്പോസ്റ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പ്രദേശത്തെ ബേക്കറിയിൽ ജോലി ചെയ്തിരുന്ന യോഗേഷ് കുമാറിനെയാണ് മെയ് 16ന് ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ നഗറിലെ പൊലീസ് ഔട്ട്പോസ്റ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുമാറിനെ പൊലീസ് കൊലപ്പെടുത്തിയതാണെന്ന് കുടുംബം ആരോപിച്ചു. കസ്റ്റഡിയിൽ നിന്ന് വിട്ടുകിട്ടാൻ പൊലീസ് ഉദ്യോഗസ്ഥർ അഞ്ചുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി കുമാറിന്റെ സഹോദരൻ പറഞ്ഞു.
മെയ് 15ന് ബേക്കറിയിലെ സഹപ്രവർത്തകയായ സ്ത്രീ യോഗേഷിനെതിരെ ബലാത്സംഗ ആരോപണം ഉന്നയിക്കുകയും പരാതി നൽകുകയും ചെയ്തിരുന്നു. തുടർന്നാണ് യോഗേഷിനെ ചോദ്യം ചെയ്യാൻ ഔട്ട്പോസ്റ്റിലേക്ക് വിളിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
കുമാർ ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് ആദ്യം പറഞ്ഞതെങ്കിലും എങ്ങനെയാണ് മരിച്ചതെന്നതുൾപ്പെടെ കേസിന്റെ എല്ലാ വിശദാംശങ്ങളും പുറത്തുകൊണ്ടുവരാൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവം റിപ്പോർട്ട് ചെയ്ത ബിസ്രാഖിലെ ചിപിയാന പൊലീസ് ഔട്ട്പോസ്റ്റിലുണ്ടായിരുന്ന എല്ലാ പൊലീസ് ഉദ്യോഗസ്ഥരെയും സസ്‌പെൻഡ് ചെയ്തു. യോഗേഷിന്റെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. കുറ്റം ചെയ്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഗൗതം ബുദ്ധ നഗർ പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.