പൈലറ്റിന്റെ വനിതാ സുഹൃത്തിന് കോക്‌പിറ്റിനുള്ളിൽ സുഖയാത്ര; എയർ ഇന്ത്യക്ക് 30 ലക്ഷം പിഴയിട്ട് ഡിജിസിഎ
പൈലറ്റിനെ മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്യുകയും ചെയ്‌തു.സുഹൃത്ത് കോക്‌പിറ്റിൽ ഉണ്ടായിരുന്ന സമയം ഇവർക്ക് ഭക്ഷണവും മദ്യവും എത്തിക്കാൻ ക്രൂവിനെ പൈലറ്റ് നിരന്തരം വിളിച്ചതായും പരാതിയിൽ പറയുന്നു.
ന്യൂഡൽഹി: പെൺ സുഹൃത്തിനെ കോക്‌പിറ്റിൽ കയറ്റിയ സംഭവത്തിൽ നടപടിയുമായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). എയർ ഇന്ത്യക്ക് 30 ലക്ഷം രൂപ പിഴയിട്ട ഡിജിസിഎ പൈലറ്റിനെ മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്യുകയും ചെയ്‌തു.
ഫെബ്രുവരിയിൽ ദുബായിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെയാണ് വിവാദസംഭവമുണ്ടായത്. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് പൈലറ്റ് തന്റെ സുഹൃത്തിനെ കോക്പിറ്റിൽ കയറ്റുകയായിരുന്നു. പെൺകുട്ടി അകത്ത് കടക്കുന്നതിന് മുൻപ് കോക്‌പിറ്റ് ആകര്‍ഷണീയമാക്കണമെന്ന് പൈലറ്റ് ക്യാബിൻ ക്രൂവിനോട് ആവശ്യപ്പെട്ടിരുന്നു. കൂടാതെ, ബിസിനസ് ക്ലാസിൽ നൽകുന്ന ഭക്ഷണം സുഹൃത്തിന് എത്തിക്കണമെന്നും പ്രത്യേകം നിർദേശമുണ്ടായിരുന്നു. ആദ്യം ബിസിനസ് ക്ലാസിൽ ഒഴിവുണ്ടോയെന്ന് ക്യാബിൻ ക്രൂവിനോട് അന്വേഷിച്ചെങ്കിലും ഇല്ലെന്നറിഞ്ഞ് സുഹൃത്തിനെ കോക്പിറ്റിൽ കയറ്റുകയായിരുന്നു.
സുഹൃത്ത് കോക്‌പിറ്റിൽ ഉണ്ടായിരുന്ന സമയം ഇവർക്ക് ഭക്ഷണവും മദ്യവും എത്തിക്കാൻ ക്രൂവിനെ പൈലറ്റ് നിരന്തരം വിളിച്ചിരുന്നു. ഇതുകാരണം മറ്റ് യാത്രക്കാരുടെ സേവനങ്ങളിൽ തടസം നേരിട്ടതായി ക്യാബിൻ ക്രൂ പറയുന്നു. കോക്‌പിറ്റിനുള്ളിൽ മദ്യം വിളമ്പാൻ വിസമ്മതിച്ച ക്യാബിൻ ക്രൂവിനോട് പൈലറ്റ് തട്ടിക്കയറുകയും മോശമായി പെരുമാറുകയും ചെയ്‌തു.
തുടർന്ന് മാർച്ച് മൂന്നിന് ക്യാബിൻ ക്രൂ പരാതി ഡിജിസിഎയ്‌ക്ക് പരാതി നൽകുകയായിരുന്നു. വനിതാ ക്യാബിൻ ക്രൂവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഡിജിസിഎ അന്വേഷണം പ്രഖ്യാപിക്കുകയും ഇതിനായി മൂന്നംഗ സമിതിയെ നിയോഗിക്കുകയും ചെയ്‌തു. തുടർന്നാണ്, നടപടിയുണ്ടായിരിക്കുന്നത്.