ഹൈദരാബാദിനെ 'ഭാഗ്യനഗർ' എന്ന് വിളിച്ച് മോദി; ലക്ഷ്യം പേരുമാറ്റം?
ബി.ജെ.പി അധികാരത്തിലെത്തിയാൽ ഹൈദരാബാദിന്‍റെ പേര് ഭാഗ്യ നഗർ എന്നാക്കുമെന്ന് മുമ്പ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു
ഹൈദരാബാദ്: തെലങ്കാനയുടെ തലസ്ഥാന നഗരിയായ ഹൈദരാബാദിനെ 'ഭാഗ്യ നഗർ' എന്ന് വിളിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടീവിൽ വച്ചാണ് പ്രധാന മന്ത്രി ഹൈദരാബാദിനെ ഭാഗ്യനഗർ എന്ന് വിശേഷിപ്പിച്ചത്. ബി.ജെ.പി അധികാരത്തിലെത്തിയാൽ ഹൈദരാബാദിന്‍റെ പേര് ഭാഗ്യ നഗർ എന്നാക്കുമെന്ന് മുമ്പ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.
"ഹൈദരാബാദ് ഭാഗ്യനഗറാണ്. വലിയ പ്രാധാന്യമുണ്ട് ഈ പ്രദേശത്തിന്. സർദാർ വല്ലഭായ് പട്ടേൽ ആണ് ഏകീകൃത ഇന്ത്യക്ക് അടിത്തറ പാകിയത്. വരും കാലങ്ങളിൽ അതിനെ കാത്തു സൂക്ഷിക്കേണ്ട ചുമതല ബി.ജെ.പി ക്കാണ്"- പ്രധാനമന്ത്രി പറഞ്ഞു.
ഹൈദരാബാദിന്‍റെ പേര് ഭാഗ്യനഗർ എന്നാക്കുമോയെന്ന ചോദ്യത്തിന്, സംസ്ഥാനത്ത് ബിജെപി അധികാരത്തിൽ വരുമ്പോൾ, മന്ത്രിസഭയിലെ മറ്റംഗങ്ങളുമായി ആലോജിച്ച് മുഖ്യമന്ത്രി ഇക്കാര്യം തീരുമാനിക്കുമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു.
ഉത്തർപ്രദേശിൽ ബി.ജെ.പി അധികാരത്തിൽ വന്നശേഷം ഞങ്ങൾ ഫൈസാബാദിനെ അയോധ്യ എന്നും അലഹബാദിനെ പ്രയാഗ്രാജ് എന്നും പുനർനാമകരണം ചെയ്തു. എന്ത് കൊണ്ട് ഹൈദരാബാദിനെ ഭാഗ്യ നഗർ എന്ന് പുനർനാമകരണം ചെയ്തു കൂടാ എന്ന് യോഗി ആദിത്യനാഥ് ഒരിക്കൽ ചോദിച്ചിരുന്നു.