'പ്രധാനമന്ത്രി ദൈവത്തിന്‍റെ അവതാരം': പരാമര്‍ശത്തിലുറച്ച് യു.പി മന്ത്രി
മോദി ആഗ്രഹിക്കുന്നു, അത് സംഭവിക്കുന്നുവെന്ന് മന്ത്രി
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ദൈവത്തിന്‍റെ അവതാരമെന്ന് വിശേഷിപ്പിച്ച് ഉത്തർപ്രദേശ് സഹമന്ത്രി ഗുലാബ് ദേവി. മോദി ആഗ്രഹിക്കുന്നു, അത് സംഭവിക്കുന്നുവെന്ന് മന്ത്രി വിശദീകരിച്ചു.
"ജനങ്ങളുടെ വീടുകളിൽ വെള്ളം എത്തണമെന്ന് അദ്ദേഹം ആഗ്രഹിക്കുമ്പോൾ, വെള്ളം എത്താൻ തുടങ്ങും. പാവപ്പെട്ടവർക്ക് വീട് നല്‍കണമെന്ന് അദ്ദേഹം ആഗ്രഹിക്കുമ്പോൾ, വീടുകൾ നിർമിക്കപ്പെടും. ആളുകൾക്ക് ഗ്യാസ് കണക്ഷൻ ലഭിക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുമ്പോൾ അത് ലഭിക്കും. അദ്ദേഹം ദൈവത്തിന്റെ അവതാരമാകുന്നു"- എന്ന് മന്ത്രി ഗുലാബ് ദേവി പറഞ്ഞുവെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒക്‌ടോബർ 26ന് തന്‍റെ മണ്ഡലത്തില്‍ സന്ദർശനം നടത്തുമ്പോള്‍ ഗുലാബ് ദേവി മോദിയെ ദൈവത്തിന്‍റെ അവതാരമെന്ന് വിശേഷിപ്പിക്കുകയുണ്ടായി. അദ്ദേഹം ആഗ്രഹിച്ചാല്‍ ആജീവനാന്തം പ്രധാനമന്ത്രിയായി തുടരാമെന്നും പറഞ്ഞു. പിന്നാലെ രൂക്ഷവിമര്‍ശനവുമായി സമാജ്‍വാദി പാര്‍ട്ടി നേതാക്കള്‍ രംഗത്തെത്തി. പ്രധാനമന്ത്രി യഥാർഥത്തിൽ ദൈവത്തിന്‍റെ അവതാരമാണെങ്കിൽ അദ്ദേഹം രാഷ്ട്രീയത്തിൽ എന്താണ് ചെയ്യുന്നതെന്ന് സമാജ്‍വാദി പാര്‍ട്ടി എം.പി ഷഫീഖുർ റഹ്മാൻ ചോദിച്ചു. മോദി രാജിവെയ്ക്കണമെന്നും അപ്പോള്‍ ജനങ്ങൾക്ക് അദ്ദേഹത്തോട് പ്രാർഥിക്കാമെന്നും എം.പി പരിഹസിച്ചു.
തന്‍റെ വ്യക്തിപരമായ വിശ്വാസത്തിൽ ആർക്കും ഒരു പ്രശ്നവും ഉണ്ടാകേണ്ടതില്ലെന്ന് ഗുലാബ് ദേവി പ്രതികരിച്ചു. പ്രതിപക്ഷത്തിന് പ്രതികരിക്കാന്‍ അവകാശമുണ്ടെന്നും മന്ത്രി പറഞ്ഞു- "ഹിന്ദു മതത്തിൽ ദൈവത്തെ മരങ്ങളിലും പശുവിലും ഗുരുവിലും മാതാപിതാക്കളിലും കാണുന്നു. അപ്പോൾ രാജ്യത്തിന്‍റെ നേതാവിനെ ദൈവത്തിന്റെ പ്രതിനിധിയായി കാണുന്നതിൽ എന്താണ് തെറ്റ്?"
ബി.ജെ.പി വക്താവ് രാകേഷ് ത്രിപാഠി ഗുലാബ് ദേവിയെ പിന്തുണച്ചു- "ഞങ്ങൾ ബഹുമാനിക്കുന്ന ഒരു വ്യക്തിയെ ഞങ്ങൾ അഭിസംബോധന ചെയ്യുന്നു. ഞങ്ങൾ പൊതുജനങ്ങളെ പോലും ദൈവമായി കാണുന്നു. അതുപോലെ മന്ത്രി പ്രധാനമന്ത്രിയോടുള്ള വ്യക്തിപരമായ ബഹുമാനം പ്രകടിപ്പിച്ചു".
67കാരിയായ ഗുലാബ് ദേവി സംഭാലിലെ ചന്ദൗസി നിയമസഭാ മണ്ഡലത്തില്‍ നിന്ന് അഞ്ച് തവണ എം.എൽ.എ ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. യോഗി ആദിത്യനാഥ് സർക്കാരിലെ അഞ്ച് വനിതാ മന്ത്രിമാരിൽ ഏറ്റവും മുതിർന്നയാളാണ്. രാഷ്ട്രീയത്തിലെത്തും മുന്‍പ് പൊളിറ്റിക്കൽ സയൻസ് ലക്ചററായിരുന്നു. കല്യാണ്‍ സിങ്ങിന്‍റെയും രാജ്നാഥ് സിങ്ങിന്‍റെയും യോഗി ആദിത്യനാഥിന്‍റെയും മന്ത്രിസഭകളില്‍ അംഗമായിട്ടുണ്ട്.