സ്വാതന്ത്ര്യ ദിനാഘോഷ നിറവില്‍ രാജ്യം; പ്രധാനമന്ത്രി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി
ദേശീയ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയാണ് പ്രധാനമന്ത്രി
ഡല്‍ഹി: 75ആമത് സ്വാതന്ത്ര്യ വാർഷികാഘോഷ നിറവിലാണ് രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. പ്രധാനമന്ത്രി വിവിധ സേനാവിഭാഗങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. ചെങ്കോട്ടയിലെത്തും മുന്‍പ് അദ്ദേഹം മഹാത്മാഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ട് സന്ദര്‍ശിച്ച് പുഷ്പാര്‍ച്ചന നടത്തി.
പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങാണ് പ്രധാനമന്ത്രിയെ ചെങ്കോട്ടയിൽ സ്വീകരിച്ചത്. പ്രധാനമന്ത്രി ദേശീയ പതാക ഉയര്‍ത്തിയതിനു പിന്നാലെ മി–17 ഹെലികോപ്റ്ററുകൾ പുഷ്പവൃഷ്ടി നടത്തി. 2020ല്‍ കോവിഡ് വ്യാപിച്ചപ്പോൾ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കിയ ശേഷമുള്ള സ്വാതന്ത്ര്യദിനാഘോഷമാണ് ഇക്കുറി. ചടങ്ങില്‍ വിവിധ മേഖലകളില്‍നിന്ന് 7000 പേര്‍ക്ക് ക്ഷണമുണ്ടായിരുന്നു.
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി രാജ്യത്താകെ വിപുലമായ സ്വാതന്ത്ര്യദിന പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. സ്വാതന്ത്ര്യദിനം പ്രമാണിച്ച് മൂന്നു ദിവസമായി കനത്ത സുരക്ഷയിലാണ് ഡല്‍ഹി. ചെങ്കോട്ടയിലേക്കുള്ള റോഡുകളിൽ വാഹനങ്ങള്‍ക്ക് പ്രവേശനമില്ല. 10,000ൽ അധികം പൊലീസുകാരെ ഡൽഹിയിൽ മാത്രം വിന്യസിച്ചിട്ടുണ്ട്. ചെങ്കോട്ടയ്ക്കു ചുറ്റുമുള്ള ഉയര്‍ന്ന കെട്ടിടങ്ങളില്‍ എന്‍.എസ്.ജി. കമാന്‍ഡോകള്‍ നിലയുറപ്പിച്ചിട്ടുണ്ട്.
അതോടൊപ്പം ഹര്‍ ഘര്‍ തിരംഗ ക്യാമ്പെയിനിലൂടെ വീടുകളിലും വജ്ര ജൂബിലി ആഘോഷത്തിന്റെ അന്തരീക്ഷം ഒരുക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡൽഹിയിലെ വസതിയിൽ ദേശീയ പതാക ഉയർത്തി. കേന്ദ്രമന്ത്രിമാർ, എംപിമാർ, സെലിബ്രിറ്റികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഹർ ഘർ തിരംഗ ക്യാമ്പയിന്റെ ഭാഗമായി.